മംഗളൂരുവിലെ ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയുടേത് പ്രതികാര കൊലപാതകം എന്ന് പൊലീസ്. 2022ൽ സൂറത്കലിൽ കൊല്ലപ്പെട്ട ഫാസിലിന്റെ കൊലപാതകത്തിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കേസിൽ ഫാസിലിന്റെ സഹോദരൻ ഉൾപ്പടെ 8 പേരെ മംഗളൂരു പൊലീസ് പിടികൂടി.
ഫാസിൽ കൊലക്കേസിലെ പ്രതിയായ സുഹാസ് ജാമ്യത്തിൽ ഇറങ്ങിയ സമയത്ത് നടന്ന കൊലപാതകം പ്രതികാരമാണോ എന്ന സംശയം തുടക്കം മുതലേ അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു. ഈ സാധ്യത മുൻനിർത്തി നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുപ്രസിദ്ധ ഗുണ്ട സഫ്‍വാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് അബ്ദുൾ സഫ്‌വാനെയും സംഘത്തേയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു.
അബ്ദുൾ സഫ്‍വാൻ, നിയാസ്, റിസ്വാൻ, നാഗരാജ്, രഞ്ജിത്, മുഹമ്മദ് മുസമ്മിൽ, കലന്തർ ഷാഫി, ആദിൽ മെഹ്‍റൂഫ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ഫാസിലിൻ്റെ സഹോദരൻ ആദിൽ നൽകിയ കൊട്ടേഷനാണെന്ന് പ്രതികൾ മൊഴി നൽകി. അഞ്ച് ലക്ഷം രൂപയ്ക്ക് ആയിരുന്നു ക്വട്ടേഷൻ. ഇത് കൂടാതെ കൊല്ലപ്പെട്ട സുഹാസിൻ്റെ കൂട്ടാളി പ്രശാന്തിനോട് സഫ്വാനുമായി ഉണ്ടായ കുടിപ്പകയും ആദിൽ മുതലെടുത്തു. സംഭവത്തിന് പിന്നാലെ വർഗീയ സംഘർഷങ്ങൾ തടയുന്നതിന് വേണ്ടി ആൻ്റി കമ്യൂണൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ കർണാടക സർക്കാര് തീരുമാനിച്ചിട്ടുണ്ട്.