കൊച്ചിയിൽ മകൾക്കും ഭാര്യാസഹോദരനും നേരെ പൊലീസുകാരന്റെ അതിക്രമം. ഭക്ഷണം കഴിക്കാൻ വിളിച്ചതിനു ആറുവയസുകാരിയെ തള്ളിയിട്ട് ഭിത്തിയിൽ തലയിടിപ്പിച്ചു. ചോദ്യം ചെയ്ത ഭാര്യാസഹോദരനെ ക്രൂരമായി മർദിച്ച് നഖം കടിച്ചെടുത്തു എന്നുമാണ് പരാതി. കളമശ്ശേരി ഡി.ഐ.ജി ഓഫീസിലെ സി.പി.ഒ അനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി അനീഷ് കുമാറിനെ ആറുവയസുകാരി മകൾ ഭക്ഷണം കഴിക്കാൻ വിളിച്ചു. മദ്യ ലഹരിയിലായിരുന്ന ഇയാൾ മകളെ തള്ളിയിട്ട് തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭാര്യ സഹോദരനെ ക്രൂരമായി മർദ്ദിച്ചു. മുഖത്ത് കടിക്കുകയും നഖം കടിച്ചെടുക്കുകയും ചെയ്തു. കളമശ്ശേരി ഡിഐജി ഓഫീസിലെ സിപിഒ ആണ് അനീഷ് കുമാർ.
മദ്യലഹരിയിൽ ഇയാള് തന്നെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവാണെന്നും ഭീഷണി മൂലം ജീവിക്കാൻ ആവാത്ത സ്ഥിതിയെന്നും ഭാര്യ പറഞ്ഞു. ഭാര്യയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അനീഷിനെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞു വെക്കൽ ആക്രമണം എന്നിവകുപ്പുകൾ ചുമത്തി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പൊലീസുകാരൻ ആയതിനാൽ നടപടി ഉണ്ടാകുന്നില്ല എന്ന് കുടുംബം ആരോപിക്കുന്നു.