TOPICS COVERED

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച മരുമകന്‍ അറസ്റ്റില്‍.  മേപ്പറമ്പ് സ്വദേശി റിനോയ് തോമസിനെയാണ് മംഗലാപുരത്ത് നിന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. പിരായിരി സ്വദേശി ടെറി, ഭാര്യ മോളി എന്നിവരെയാണ് മകളുടെ ഭർത്താവായ റിനോയ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ കയറി മുളക് പൊടി വിതറിയ ശേഷം വെട്ടിയത്.  

റിനോയും ഭാര്യ രേഷ്മയുമായുള്ള കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. പതിനാല് വയസുള്ള മകനൊപ്പം പിരായിരിയിലെ രേഷ്മയുടെ വീട്ടിലെത്തിയാണ് റിനോയ് ഭാര്യാപിതാവിനെയും മാതാവിനെയും ആക്രമിച്ചത്. മുളകുപൊടി എറിഞ്ഞ ശേഷം ക്രൂരമായി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ടെറിയും, ഭാര്യ മോളിയും ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ആക്രമണത്തിന് ശേഷം മകനൊപ്പം രക്ഷപ്പെട്ട റിനോയ് തോമസിനെ മംഗലാപുരത്ത് നിന്നാണ് കഴിഞ്ഞദിവസം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. 

ബന്ധുക്കളുടെ ഫോണ്‍വിളി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവും മകനും ഒളിച്ച് കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയത്. റിനോയ് തോമസിനെ ആക്രമണമുണ്ടായ വീട്ടിലെത്തിച്ച് തെളിവെടുത്തു. യാതൊരു ഭാവഭേദവുമില്ലാതെ ആക്രമണരീതി റിനോയ് പൊലീസിനോട് വിശദീകരിച്ചു. ഭാര്യയോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന്‍റെ കാരണമെന്നാണ് യുവാവിന്‍റെ മൊഴി. രേഷ്നയെ അന്വേഷിച്ചാണ് എത്തിയതെന്നും മാതാപിതാക്കള്‍ കയര്‍ത്ത് സംസാരിച്ചത് പ്രകോപനത്തിന് ഇടയാക്കിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ വിപിന്‍ വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ റിനോയെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

In Pirayiri, Palakkad, a son-in-law who attacked and injured his father-in-law and mother-in-law with a machete has been arrested. Renoy Thomas, a native of Mepparamba, was taken into custody by Palakkad Town North Police from Mangaluru. Renoy, who is married to their daughter, entered the house last Monday, sprinkled chili powder, and then assaulted Terry and his wife Molly, residents of Pirayiri