ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തി വിഎച്ച്പി, ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍. പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ ഗ്രൂപ്പിന്‍റെ പ്രാര്‍ഥനാ യോഗത്തിലാണ് പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് കടന്നുകയറിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ നൂറോളം വിശ്വാസികള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ്, വിഎച്ച്പിയുടെയും ബജ്റംഗ് ദളിന്‍റെയും ഇരുപതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥനാ ഹാളിലേക്ക് കടന്നുകയറിയത്. വടിയും കമ്പിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സ്ത്രീകളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഹര്‍ ഹര്‍ മഹാദേവ്, ജയ് ശ്രീറാം വിളികളോടെയാണ് വിഎച്ച്പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒധാവിലെ ആരാധനാലയത്തിലെത്തിയത്.
തുടര്‍ന്ന് ഇരുവിഭാഗങ്ങളും പൊലീസില്‍ പരാതി നല്‍കി. 10 പേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് വിഭാഗത്തിനെതിരെയാണ് കേസെന്ന് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. സംഘപരിവാറിന്‍റെ ന്യൂനപക്ഷ, ക്രിസ്ത്യന്‍ വിരോധം ആഴത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പറഞ്ഞു.