കൊച്ചിയിൽ ലഹരി ഉപയോഗിച്ച യുവാവിന്റെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്. എറണാകുളം സെൻട്രൽ എസ്.ഐ രാജേന്ദ്രൻ പിള്ളയ്ക്ക് കൈയ്യിലും സിപിഒ വിജീഷിന് മുഖത്തുമാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ കളമശേരി സ്വദേശി അജിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയോടെ മാധവ ഫാർമസി ജംങ്ഷനിലാണ് സംഭവം. തെരുവിൽ കഴിയുന്ന തമിഴ്നാട്ടുകാരിയായ സ്ത്രീയെ അജി ആക്രമിക്കുന്നത് കണ്ട് പൊലീസ് ഇടപെട്ടതിലാണ് അജി പ്രകോപിതനായത്. പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാരെ തടിക്കഷ്ണം കൊണ്ട് അജി ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ പൊലീസുകാർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസതേടി. പ്രതി രാസലഹരി ഉപയോഗിച്ചുവെന്നാണ് സംശയം. ഇക്കാര്യം കൂടുതൽ പരിശോധനയിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.