sikra-lady-don

തോക്കുമായി ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. റീലുകള്‍ എടുക്കുക, പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകുന്ന ഫോട്ടോകള്‍ പോലും സ്വന്തം സമൂഹമാധ്യമത്തിലിടുക. പറഞ്ഞുവരുന്നത് ഡല്‍ഹി സീലംപൂരിലെ ലേഡി ഡോണ്‍ സിക്രയെക്കുറിച്ചാണ്. ‌17കാരന്‍ കുനാലിനെ പിതാവിന്‍റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് സിക്രയെയും സഹോദരന്‍ സാഹിലിനെയും തിരയുന്നത്.

don-delhi-sikra

സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതടക്കം കേസുകളില്‍ പ്രതിയുമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്.

ഡല്‍ഹി ‘ലോക്കല്‍ അണ്ടര്‍വേള്‍ഡിലെ’ താരമാണ് സിക്ര. നാടന്‍ പിസ്റ്റളും വിദേശനിര്‍മിതമായ തോക്കുകളടക്കം കയ്യില്‍ പിടിച്ചുള്ള ഫോട്ടോകള്‍ സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരം തോക്കുമായി സഞ്ചരിക്കുന്നതുകൊണ്ട് ‘ഗണ്‍വാലി’ എന്ന പേരും ഇവര്‍ക്ക് സ്വന്തം. ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് പൊലീസ് സിക്രയെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിലടയ്ക്കാന്‍ കൊണ്ടുപോകുമ്പോഴും ‘ചിരിച്ച്, കളിച്ച്’ പൊലീസിനൊപ്പം പോകുന്ന വിഡിയോയും സിക്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌‌തിരുന്നു. കാലാള്‍പ്പടയെപ്പോലെ എന്തിനും ഏതിനും സിക്രയെ സഹായിക്കാന്‍ ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ ഒരു നിര തന്നെ എപ്പോഴും സിക്രയ്ക്കൊപ്പമുണ്ടാകും. എന്നാല്‍ സീലംപൂരില്‍ കുനാലിനെ കൊലപ്പെടുത്തിയ കേസില്‍ സിക്രയെ പൂട്ടാനുറച്ചാണ് പൊലീസിന്‍റെ ശ്രമം.

lady-don-delhi

സിക്രയെയും ഗുണ്ടാസംഘത്തെയും അമര്‍ച്ചചെയ്യണമെന്ന് കൊല്ലപ്പെട്ട കുനാലിന്‍റെ ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സീലംപൂരില്‍ കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ബന്ധുക്കളെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി സംസാരിച്ചു.

ENGLISH SUMMARY:

Sikra, the infamous lady don of Seelampur, Delhi, is under police investigation after the killing of Kunal, a 17-year-old boy. Known for her gun flaunting on social media, Sikra's ties with underworld figures have made her a notorious figure. Police are now intensifying efforts to arrest her.