സമൂഹമാധ്യമത്തിലൂടെ പരസ്യം നല്‍കി യൂസ്ഡ് കാര്‍ കച്ചവടത്തിന്‍റെ മറവില്‍ വ്യാപക തട്ടിപ്പുമായി സംസ്ഥാനത്ത് യൂസ്ഡ് കാര്‍ മാഫിയ. കൊച്ചിയില്‍ കാര്‍ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശികളെ പൊലീസ് സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം കൊള്ളയടിച്ചു. കാറിന്‍റെ പണം വാങ്ങിയ ശേഷം പൊലീസ് ചമഞ്ഞെത്തി കാര്‍ കസ്റ്റഡിയിലെടുത്ത് കടന്നുകളഞ്ഞു. തട്ടിപ്പ് സംഘത്തിന്‍റെ ചിത്രങ്ങളടക്കം കൈമാറിയിട്ടും ചെറുവിരലനക്കാതെ കുന്നത്തുനാട് പൊലീസിന്‍റെ ഒത്തുക്കളി.
ഫെയ്സ്ബുക്കിലെ പരസ്യംകണ്ടാണ് തമിഴ്നാട് തിരുച്ചിറപ്പിള്ളിയിലെ ഇനാംകുളത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഖാദറും സുഹൃത്തും കാര്‍ വാങ്ങാന്‍ കേരളത്തിലെത്തിയത്. 2021 മോഡല്‍ സ്വിഫ്റ്റ് കാര്‍ ഒരു ലക്ഷത്തി 85000 രൂപയ്ക്കെന്ന് പരസ്യം നല്‍കിയത് മലയാളിയായ അജു. ഫോണിലൂടെ ഡീല്‍ ഉറപ്പിച്ച ശേഷം കഴിഞ്ഞ മാസം 22ന് പാലക്കാട് വെച്ച് കാര്‍ കൈമാറാമെന്ന് ധാരണയായി. പാലക്കാടെത്തിയ ഖാദറിനെയും സുഹൃത്തിനെയും വണ്ടി കൊച്ചിയിലാണെന്ന് പറഞ്ഞ് ആലുവയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്. പരസ്യത്തില്‍ പറഞ്ഞ കാറില്‍ കാക്കനാട് സ്വദേശി കബീറും കൂട്ടാളി ഫഹദും ആലുവയിലെത്തി. ഖാദറിനെയും സുഹൃത്തിനെയും കൂട്ടി പള്ളിക്കരയിലെത്തിച്ച ശേഷം ടെസ്റ്റ് ഡ്രൈവിന് അവസരം നല്‍കി. വണ്ടിയോടിച്ച് ബോധ്യപ്പെട്ട ഖാദര്‍ ഒരു ലക്ഷം രൂപ കയ്യോടെ കൈമാറി. മുപ്പതിനായിരം രൂപ ജി പെ വഴിയും നല്‍കി. കാറുമായി പോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളുടെ എന്‍ട്രി.
കാറ് പൊലീസുകാരെന്ന് പറഞ്ഞവര്‍ കൊണ്ടുപോയി ഖാദറിനെ വഴിയില്‍ ഇറക്കിവിട്ടു. കുന്നതുനാട് പൊലീസില്‍ പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞു. വണ്ടിയില്ല പ്രതികളില്ല തമിഴ്നാട്ടിലെ ജനപ്രതിനിധി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നു. യൂസ്ഡ് കാര്‍ വില്‍പനയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് കുടപിടിക്കുന്ന നടപടിയാണ് പൊലീസിന്‍റെത്.