ഒറ്റപ്പാലം കണ്ണിയംപുറത്ത് അടച്ചിട്ട വീടു കുത്തിത്തുറന്നു മോഷണം. എട്ടര പവൻതൂക്കംവരുന്ന സ്വർണാഭരണങ്ങളും 48 ഗ്രാം വെള്ളി ആഭരണങ്ങളും 3000 രൂപയുമാണു മോഷ്ടിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ നഴ്‌സിങ് കോളജ് അസിസ്റ്റന്‍റ് പ്രഫസർ വിനോദ് കുമാര്‍ വാടകയ്ക്കു താമസിക്കുന്ന കണ്ണിയംപുറം കൂനംതുള്ളി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മോഷണം. മുൻവാതിൽ കുത്തിതുറന്നായിരുന്നു കവർച്ച.
കിടപ്പുമുറിയിലായിരുനു ആഭരണങ്ങൾ. എന്നാൽ ഇതേ മുറിയിൽ മറ്റൊരു ഭാഗത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണം നഷ്ടമായിട്ടില്ല. കണ്ണിയംപുറത്തെ സ്വകാര്യ നഴ്‌സിങ് കോളജിലെ പ്രൊഫസറാണ് വിനോദ് കുമാറും കുടുംബവും ജോലി ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കവർച്ച. കഴിഞ്ഞ 30ന് കുടുംബം തമിഴ്‌നാട്ടിലേക്കു പോയതായിരുന്നു.
പിന്നീട് ബുധനാഴ്ച രാത്രി വീട് ഒഴിയുന്നതിനായി കണ്ണിയംപുറത്തെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. കിടപ്പുമുറിയിലെ അലമാരയും അകത്തെ അറയും പൊളിച്ചാണ് സ്വർണം വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചത്. പഴ്‌സിലായിരുന്നു 3000 രൂപ. കവറിൽ സൂക്ഷിച്ച നിലയിലായിരുന്ന മൂന്നര പവന്റെ സ്വർണാഭരണമാണ് സുരക്ഷിതമായി അവിടെയുള്ളത്.
ഒരു ബ്രൈസ്‌ലെറ്റ്, മൂന്ന് മാലകൾ, കമ്മൽ തുടങ്ങിയ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. അലമാരയ്ക്കകത്തെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പത്ത് ദിവസത്തോളം വീട് അടഞ്ഞുകിടക്കുകയായതിനാൽ എന്നാണ് മോഷണം നടന്നതെന്നു വ്യക്തമായിട്ടില്ല. വിനോദ് കുമാറിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരടക്കമുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.