കാമുകനൊപ്പം ഇറങ്ങിപ്പോയ മകളെ കൊലപ്പെടുത്തി അച്ഛന്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം നടന്നത്. 25കാരിയായ സാക്ഷിയാണ് സ്വന്തം അച്ഛന്‍റെ കൈകളാല്‍ കൊല്ലപ്പെട്ടത്. വീട്ടിലെ പൂട്ടിയിട്ട ബാത്ത്റൂമില്‍ നിന്നുമാണ് യുവതിയുടെ മതൃദേഹം കണ്ടെത്തിയത്. അച്ഛനായ മുകേഷ് സിങ് കാമുകനെ കൊല്ലാനായി അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
സംഭവം വിവരിച്ചുകൊണ്ടുള്ള വിഡിയോ സമസ്തിപൂര്‍ പൊലീസ് തന്നെ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. മാര്‍ച്ച് നാലിനാണ് സാക്ഷി കാമുകനൊപ്പം ഡല്‍ഹിയിലേക്ക് പോയത്. ഇതിനുശേഷം ഏപ്രില്‍ ഏഴാം തീയതി മകളെ വിളിച്ച് വീട്ടിലേക്ക് തിരികെ വരണമെന്ന് മുകേഷ് സിങ് പറഞ്ഞു. ഇതിനുശേഷം സാക്ഷിയെ കാണാതാവുകയായിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മകള്‍ വീണ്ടും ഇറങ്ങിപ്പോയെന്നായിരുന്നു മുകേഷ് സിങ്ങിന്‍റെ മറുപടി. എന്നാല്‍ സംശയം തോന്നിയ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയ പൊലീസ് പരിശോധനക്കിടെ പൂട്ടിയിട്ട ബാത്ത്റൂമില്‍ നിന്നും ദുര്‍ഗന്ധം ശ്രദ്ധയില്‍ പെട്ടു. ഇത് തുറന്നുനോക്കിയതോടെ സാക്ഷിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.