മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ് നടന്ന സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ ,കൊടശ്ശേരി സ്വദേശികളായ സെയ്തലവി ,ഉമ്മർ കൈഫ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേർ കൂടി പിടിയിൽ ആയതോടെ ചെമ്പ്രശ്ശേരി ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ പിടിയിലായവരുടെ എണ്ണം പത്തായി.
വെടിവെപ്പ് കേസിലെ പ്രധാന പ്രതി റഫീഖ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വെടിയേറ്റ ചെമ്പ്രശ്ശേരി സ്വദേശി ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലുഗമാന്റെ കഴുത്തിനാണ് വെടിയേറ്റത്.
ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കറ്റം പിന്നീട് രണ്ട് പ്രദേശങ്ങളായി ചേരിതിരിഞ്ഞ് കൂട്ടത്തല്ലായി മാറുകയായിരുന്നു. പെപ്പർ സ്പ്രേയും ഇരുമ്പ് വടിയും ഉപയോഗിച്ച് അടി നടന്നു. ഇതിനിടയിലാണ് എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പ്. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.