താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിന്‍റെ കൊലപാതകത്തില്‍, പൊലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്ക്. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് കുടുംബം. എന്നാല്‍ അന്വേഷണത്തില്‍ അപാകതകളില്ലെന്നും കൂടുതല്‍ പ്രതികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും റൂറല്‍ എസ്പി മനോരമ ന്യൂസിനോട് പറഞ്ഞു.
താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ച് കുട്ടികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ആക്രമണം ആസൂത്രണം ചെയ്ത പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തത്. ഈ പ്രതിയുടെ പിതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മാത്രമല്ല, സംഘര്‍ഷം നടക്കുന്ന സമയത്ത് ഇയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. മറ്റൊരു പ്രതിയുടെ പിതാവ് പൊലീസാണ്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് ഇയാള്‍. മറ്റു രണ്ട് പ്രതികളും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്.
എന്നാല്‍ അന്വേഷണം ഊര്‍ജിതമാണെന്നാണ് പൊലിസ് വാദം. പ്രധാനപ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെടുത്തത് എന്ന കാരണം കൊണ്ട് പ്രതിയുടെ രക്ഷിതാവിനെ കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കില്ല. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന തുടരുകയാണ്. അതിനിടെ പ്രതികളുടെ രക്ഷിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. സംഘര്‍ഷം ആദ്യമുണ്ടായ ട്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും.