എന്ത് വിലക്കൊടുത്തും തങ്ങളുടെ നാട് ലഹരി വിമുക്തമാക്കുക ലക്ഷ്യമിട്ടാണ് കോഴിക്കോട് വടകര താഴെഅങ്ങാടിയിലെ ഒരു കൂട്ടം ജനങ്ങള്‍ ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നത്. ഇതിനോടകം ലഹരിയുമായി എത്തിയ നാലു പേരെ കൂട്ടായ്മയുടെ സഹായത്തോടെ പൊലീസിന് പിടികൂടാനായി. ലഹരി കണ്ടാല്‍ പിടിവീഴും എന്ന മുന്നറിയിപ്പുമായി കൂട്ടായ്മ നാട്ടിലുടനീളം സ്ഥാപിച്ച ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
രാത്രിയും പകലും ഒരേ പോലെ നാട്ടുകാര്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ലഹരി സംഘത്തിലെ കണ്ണികള്‍ ഓരോരുത്തരായി കുടുങ്ങിത്തുടങ്ങിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംശയാസ്പദമായ രീതിയില്‍ മൂട്ടുങ്ങല്‍ സ്വദേശി അതുല്‍ രമേശിനെ കൂട്ടായ്മ പിടികൂടുന്നത്. അതുലില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലച്ചുവട് സ്വദേശി ഷിനാനെയും പിടികൂടി. പിന്നീട് രണ്ടുപേരെയും പൊലീസിന് കൈമാറി.
അതുലിന്‍റെ കൈയ്യില്‍ നിന്ന് 0.65 ഗ്രാം എംഡിഎംഎയും ഷിനാന്‍റെ കയ്യില്‍ നിന്ന്1.5 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്.
വളരെ സിംപിളായാണ് ഇവരുടെ പ്രവര്‍ത്തം. സംശയാസ്പദമായി ആരെ എവിടെ കണ്ടാലും അവരോട് മാന്യമായി കാര്യങ്ങള്‍ ചോദിക്കും. ലഹരി ഉപയോഗമാണെന്നോ വില്‍പ്പനയെന്നോ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കും. നാട്ടുകാര്‍ക്ക് ആര്‍ക്കും വിവരങ്ങള്‍ കൂട്ടായ്മയുമായി പങ്കുവെയ്ക്കുകയും ആവാം. നാട്ടുകാര്‍ ജാഗ്രതകൂട്ടിയതോടെ പൊലീസിനും കാര്യങ്ങള്‍ എളുപ്പമായി. എന്തായാലും ഒന്നുറപ്പാണ് നാട്ടുകാരിങ്ങനെ ലഹരിക്കെതിരെയുള്ള ജാഗ്രത കടുപ്പിച്ചാല്‍ ലഹരിസംഘങ്ങള്‍ നാട്ടില്‍ നിന്ന് കെട്ടുക്കെട്ടേണ്ടി വരും.