താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളും പുറത്ത്. ടിപി ചന്ദ്രശേഖന്‍ വധക്കേസ് പ്രതി ടികെ രജീഷിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കേസില്‍ കൂടുതല്‍ കുട്ടികളെ പ്രതിചേര്‍ക്കും. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന തീരുന്ന മുറയ്ക്കാകും ഇതിന്‍റെ തുടര്‍നടപടികള്‍.
അതേസമയം, സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. ഒപ്പം നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വധം ആസൂത്രണം ചെയ്തതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒാഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികുറ്റവാളികള്‍ നാളെ പൊലിസ് സുരക്ഷയോടെ പരീക്ഷ എഴുതും.
കേസില്‍ പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ചു പ്രതികളുടെയും വീട്ടിൽ ഒരേ സമയം ആയിരുന്നു പരിശോധന. അതേസമയം രാഷ്ട്രീയ സ്വാധീനത്തിൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും നീതി വേണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്. ആക്രമണത്തിൽ മുതിർന്നവരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ഇനിയൊരു കുട്ടിക്കും രക്ഷിതാവിനും ഈ ഗതി ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറയുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും കുടുംബം തള്ളിക്കളയുന്നില്ല.
കേസിൽ കൂടുതൽ കുട്ടികളെ പ്രതിചേർക്കാനാണ് പ്രതിചേർക്കാനാണ് തീരുമാനം. സംഘർഷനായി ഒത്തുകൂടിയ 40 പേരിൽ 15 പേർക്കെതിരെ കൂടി കേസെടുക്കും. ഇതിനോടകം ലഭിച്ച ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കുകയാണ്. ഈ പരിശോധന പൂർത്തിയാകുന്ന മുറയ്ക്കാകും തുടർനടപടി. പിടിയിലായ കുട്ടികൾ കഴിഞ്ഞവർഷം എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച കേസിലും പ്രതികളാണ്. ഈ സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റിരുന്നു.