ചെന്നൈയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചിറ്റലപ്പാക്കം സ്വദേശി സത്യനാണ് പ്ലാറ്റ് ഫോമിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ചു പൊലീസുകാരിയെ ഉപദ്രിച്ചത്.
രാത്രി ട്രെയിനിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥയെ പിന്നില്‍ നിന്നെത്തി ഇയാള്‍ ആക്രമിക്കുകയാായിരുന്നു. തന്നെ കടന്നുപിടിച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥ ബലപ്രയോഗത്തിലൂടെ ചെറുത്തു . ബഹളം കേട്ട് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ അവിടേക്കെത്തി . ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ ഒന്നര പവന്‍റെ മാല തട്ടിയെടുത്ത് കടന്നുകളയാനായി ശ്രമം. ഇതും ചെറുത്തതോടെ ഇയാള്‍ ആക്രമിച്ചു . അക്രമിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയ്ക്ക് പരുക്കുമേറ്റു . ഓടിക്കൂടി യാത്രക്കാര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി.
പൊലീസ് പരിശോധനയില്‍ ഇയാള്‍ അമിതമായ മദ്യപിച്ചതായി കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസുകാരിക്ക് പോലും സുരക്ഷില്ലാത്ത സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായതായി പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതിനിടെ, വടിവാള്‍ കൈവശം വച്ച ആറ് കോളജ് വിദ്യാര്‍ഥികളെ ഇതേ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കവേയാണ് വിദ്യാര്‍ഥികള്‍ ബാഗില്‍ വടിവാള്‍ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആയുധം എവിടെ നിന്നു ലഭിച്ചു, എന്തിനാണ് കൈവശം വച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.