ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതി റിജോ പലരില്‍ നിന്നായി കൈവായ്പയെടുത്തത് 10 ലക്ഷം രൂപയോളം. ഭാര്യ അറിയാതെ പലരില്‍ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പ്രതി ബാങ്ക് മോഷണം പ്ലാന്‍ ചെയ്തത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുര്‍ബാനയ്ക്കായി ഏപ്രിലോടെ നാട്ടിലെത്തും. ഇതിന് മുന്‍പ് പണം കണ്ടെത്തുകയായിരുന്നു റിജോയുടെ ലക്ഷ്യം.
നേരത്തെ റിജോയും ഭാര്യയും വിദേശത്തായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടമായി ഇരുവരും നാട്ടിലെത്തി. പിന്നീടാണ് ഭാര്യ നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. വായ്പകളുടെ തിരിച്ചടവിനായി ഭാര്യ മാസത്തില്‍ പണം അയച്ചു നല്‍കാറുണ്ട്. ഇത് കൂടാതെയാണ് റിജോ കൈവായ്പയെടുത്തത്. ഇതിന്‍റെ തിരിച്ചടവായിരുന്നു മോഷണത്തിലൂടെ പ്രതി ഉദ്യേശിച്ചത്.
കവര്‍ച്ചയ്ക്ക് നാല് ദിവസം മുന്‍പ് പ്രതി എക്സ്പയറിയായ എടിഎം കാര്‍ഡുമായി ബാങ്കിലെത്തി. കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ബാങ്കിനകത്തേക്ക് കയറിയത്. ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകായായിരുന്നു ലക്ഷ്യം. ബാങ്കിലെ 15 ദിവസത്തെ ഫൂട്ടേജ് പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.
ബാങ്കിലെത്തിയ പ്രതി 15 ലക്ഷം രൂപയാണ് കവര്‍ന്നത്. മോഷണത്തിനിടെ ബാങ്കിനുള്ളില്‍ നിന്നും ഷട്ടറിടാന്‍ പറയുന്നത് കേട്ടയുടനെ മൂന്ന് കെട്ട് നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലക്ഷത്തിന്‍റെ മൂന്ന് നോട്ട് കെട്ടുകളാണ് പ്രതി കൊണ്ടുപോയത്.
പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസത്തിലായിരുന്നു പ്രതി. കവര്‍ച്ചയെ പറ്റിയുള്ള വാര്‍ത്തകളില്‍ ഇയാള്‍ ഫോണില്‍ പിന്തുടര്‍ന്നിരുന്നു. മോഷണത്തിനിടെ വസ്ത്രം മാറ്റിയതും റിയര്‍വ്യൂ മിറര്‍ ഊരിവച്ചതും ഇയാളുടെ ക്രിമിനല്‍ ബുദ്ധിയാണെന്ന് പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം നടക്കും.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആദ്യം എറണാകുളം ഭാഗത്തേക്കും പിന്നീട് ഊടുവഴികളും പ്രതി തിരഞ്ഞെടുത്തു. മൂന്ന് തവണ വസ്ത്രം മാറിയപ്പോഴും തലയിലെ ഹെല്‍മറ്റ് ഊരിയിരുന്നില്ല. എന്നാല്‍ കറുത്ത ഷൂസിന് താഴെയായുള്ള വെളുത്ത നിറം പ്രതിയെ തിരിച്ചറിയുന്നതില്‍ പൊലീസിന് നിര്‍ണായക തെളിവായി.
കൃത്യത്തിന് ശേഷം കൊടകരയില്‍ വച്ച് പ്രതി ജാക്കറ്റ് ധരിച്ച് പോകുന്നു സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റിജോയുടെ വീടിന്‍റെ 300 മീറ്റര്‍ വരെയുള്ള സിസിടിവിയില്‍ പ്രതിയെ പിന്തുടരാന്‍ പൊലീസിനായി. എന്നാല്‍ പിന്നീടുള്ള സിസിടിവിയില്‍ പ്രതിയില്ല. ഇതോടെ പ്രദേശത്തെ എല്ലാ വീടുകളിലും പൊലീസെത്തി. വീട്ടിലുള്ളവരുടെ ജോലി, സാമ്പത്തിക ബാധ്യതകളുണ്ടോ എന്നി കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്.
റിജോ ആന്‍റണിയുടെ വീട്ടിലെത്തിയ പൊലീസിന് പ്രതി ഉപയോഗിച്ചതിന് സമാനമായ ഷൂസും സ്കൂട്ടറും ലഭിച്ചു. ഇതോടെയാണ് റിജോ ആണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കുന്നത്.