ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ ശേഷം രണ്ടര ദിവസത്തോളം പൊലീസിന് സംശയം ജനിപ്പിക്കാതെ കഴിയാന്‍ പ്രതി റിജോയ്ക്ക് സാധിച്ചിരുന്നു. കവര്‍ച്ചയിലെ ആസൂത്രണവും മുന്നൊരുക്കങ്ങളുമാണ് ഇതിന് സഹായിച്ചത്. എന്നാല്‍ പ്രതിയിലേക്ക് പൊലീസെത്തിയത് ഇതിനെ വെല്ലുന്ന അന്വേഷണ മികവിലാണ്.
Also Read: കവര്‍ച്ച നടത്തിയത് രണ്ടാം വെള്ളിയാഴ്ച; ദിവസം തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം
കൃത്യത്തിന് ശേഷം കൊടകരയില്‍ വച്ച് പ്രതി ജാക്കറ്റ് ധരിച്ച് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റിജോയുടെ വീടിന്‍റെ 300 മീറ്റര്‍ വരെയുള്ള സിസിടിവിയില്‍ പ്രതിയെ പിന്തുടരാന്‍ പൊലീസിനായി. എന്നാല്‍ പിന്നീടുള്ള സിസിടിവിയില്‍ പ്രതിയില്ല. ഇതോടെ പ്രദേശത്തെ എല്ലാ വീടുകളിലും പൊലീസെത്തി. വീട്ടിലുള്ളവരുടെ ജോലി, സാമ്പത്തിക ബാധ്യതകളുണ്ടോ എന്നി കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്.
റിജോ ആന്‍റണിയുടെ വീട്ടിലെത്തിയ പൊലീസിന് പ്രതി ഉപയോഗിച്ചതിന് സമാനമായ ഷൂസും സ്കൂട്ടറും ലഭിച്ചു. ഇതോടെയാണ് റിജോ ആണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കുന്നത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഇതുവരെ പ്രതിക്കുണ്ടായിരുന്നത്. എന്നാല്‍ പൊലീസെത്തിയതോടെ പ്രതി തളര്‍ന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഞായറാഴ്ച പൊലീസ് എത്തുന്നതിന് മുന്‍പ് കുടുംബ സമ്മേളന യൂണിറ്റിന്‍റെ കുടുംബ യോഗം റിജോയുടെ വീട്ടില്‍ ചേര്‍ന്നിരുന്നു. പ്രദേശത്താകെ പൊലീസിന്‍റെ സാന്നിധ്യം കണ്ട് ചടങ്ങിനെത്തിയ വൈദികന്‍ 'നിറയെ പൊലീസാണല്ലോ നിങ്ങളുടെ യൂണിറ്റിലെ ആരെങ്കിലും ആകുമോ പ്രതി' എന്ന് ചോദിച്ചിരുന്നു. അത് അച്ചട്ടാകുന്ന കാഴ്ചയാണ് രാത്രിയോടെ കണ്ടത്.
മദ്യപിച്ച് പൈസ കളയുന്ന ആളാണ് പ്രതി റിജോ. ഇതാണ് സാമ്പത്തിക ബാധ്യതയ്ക്കും കാരണം. കവര്‍ച്ചയ്ക്ക് ശേഷം അന്നേ ദിവസം രാത്രിയും പ്രതി കൂട്ടുകാരുമായി മദ്യപിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രതിക്ക് കോവിഡ് കാലത്താണ് ജോലി നഷ്ടമാകുന്നത്. ഭാര്യ വിദേശത്ത് നഴ്സാണ്.