ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഭർത്താവിനെതിരെ കേസ്. ചേർത്തല മുട്ടം പണ്ടകശാലപറമ്പിൽ സജിയുടെ മരണത്തിൽ ഭർത്താവ് സോണിയുടെ അറസ്റ്റ് ചേർത്തല പൊലീസ് രേഖപ്പെടുത്തി. പിതാവ് സോണി അമ്മയായ സജിയെ ക്രൂരമായി മർദിക്കുകയും തലഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന മകളുടെ മൊഴിയിലാണ് പൊലീസ് കേസ് എടുത്തത്.
തലയിലേറ്റ ക്ഷതവും തലയോട്ടിക്കുണ്ടായ പൊട്ടലും ആന്തരിക രക്തസ്രാവവും സജിയുടെ സ്ഥിതി ഗുരുതരമാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്തെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊലീസ് സർജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മകളുടെ മൊഴിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് പോസ്റ്റ്മോർട്ടത്തിനു ശേഷം മനപൂർവമല്ലാത്ത നരഹത്യക്കുറ്റം കൂടി ഭർത്താവ് സോണിക്കെതിരെ ചുമത്തി. ഭാര്യ സജിയെ മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സോണിചോദ്യം ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
സോണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ആവശ്യമെങ്കിൽ സോണിക്കെതിരെ ചുമത്തും. ഇന്നലെ ഉച്ചകഴിഞ്ഞാണ് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം അതേ കല്ലറയിൽ തന്നെ ഉച്ചകഴിഞ്ഞ് മൃതദേഹം സംസ്കരിച്ചു.
പിതാവ് സോണിയുടെ മർദനത്തെ തുടർന്നാണ് സജിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതെന്നും സ്ഥിരമായി സജിയെ മർദിക്കാറുണ്ടെന്നും മകൾ മൊഴി നൽകിയിരുന്നു. ജനുവരി എട്ടിന് രാത്രി സജിയെ ഭർത്താവ് സോണി മർദിക്കുകയും ഭിത്തിയിൽ തല ബലമായി പലതവണ ഇടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് മകളുടെ മൊഴി. മറ്റാരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് സോണി ഭാര്യ സജിയെ മർദിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് സജി മരിച്ചത്.