പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായി. അമ്മയുടെ മുന്നിൽ വച്ചാണ് പീഡിപ്പിച്ചത് എന്നാണ് മൊഴി. കൊലപാതകം അടക്കം 11 കേസുകളിൽ പ്രതിയാണ് അമ്മയുടെ കാമുകൻ. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് കേസിലെ പ്രതി. മലപ്പുറം കാളികാവിലെ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന ആളുമാണ്. ഒരു കൊലക്കേസിൽ ജയിലിൽ കഴിയുന്ന കാലത്താണ് പെൺകുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. അമ്മയുടെ ബന്ധുവും ഇതേസമയം ജയിലിൽ ഉണ്ടായിരുന്നു.
പെൺകുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് പിന്നീട് ജയ്മോനുമായി അടുപ്പത്തിലായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം പെൺകുട്ടിയെയും അമ്മയെയും പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പത്തനംതിട്ടയിലെ ലോഡ്ജ് മുറിയിൽ അമ്മയുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി.
പെൺകുട്ടിയും അമ്മയും തിരുവനന്തപുരത്താണ് താമസം. അധ്യാപകർ വഴി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകുകയായിരുന്നു. തുടർന്ന് പീഡനം നടന്ന സ്ഥലമായ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കേസെടുത്തതോടെ ഒളിവിൽ പോയ പെൺകുട്ടിയുടെ അമ്മയേയും ജയ് മോനേയും മംഗലാപുരത്തുനിന്നാണ് പിടികൂടിയത്.