വീട്ടമ്മയുടെ മരണം കൊലപാതകമെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ഞായറാഴ്ച സംസ്കരിച്ച മൃതദേഹം വിശദപരിശോധനയ്ക്ക് പള്ളി സെമിത്തേരിയിൽനിന്നു പുറത്തെടുത്തു. ചേർത്തല പണ്ടകശാല പറമ്പിൽ സോണിയുടെ ഭാര്യ സജിയെ ഒരു മാസം മുൻപ് വീട്ടിൽ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായർ രാവിലെ എട്ടിന് ആശുപത്രിയിൽവച്ചായിരുന്നു സജിയുടെ മരണം. അന്നുതന്നെ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു.
അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് റവന്യു വകുപ്പിന്‍റെ അനുമതി വാങ്ങി മൃതദേഹം കല്ലറയിൽ നിന്നു പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെക്ക് മാറ്റി. സജിയും സോണിയും തമ്മിൽ കുറച്ചു നാളുകളായി കുടുംബ പ്രശ്നങ്ങളുണ്ട്. സോണിയുടെ പരസ്ത്രീ ബന്ധം സജി ചോദ്യം ചെയ്തിരുന്നു.സോണിയും സജിയും തമ്മിൽ കഴിഞ്ഞ മാസം എട്ടിനും വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന സോണി ഭാര്യയെ ക്രൂരമായി മർദിക്കുകയും തല ഭിത്തിയിൽ പല തവണ ഇടിപ്പിക്കുകയും ചെയ്തു. സോണി പോലീസിന്‍റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കു.