ആലപ്പുഴ വാടയ്ക്കലിൽ വൈദ്യുതിക്കെണി ഒരുക്കി അമ്മയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കിരണിൻ്റെ അച്ഛൻറെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി.കിരണിൻ്റെ പിതാവ് കുഞ്ഞുമോൻ രണ്ടാം പ്രതിയും, മാതാവ് അശ്വമ്മ മൂന്നാം പ്രതിയുമാണ്.കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് അപേക്ഷ നൽകും.
അയൽവാസിയായ കല്ലുപുരയ്ക്കൽ ദിനേശനെ ആണ് വൈദ്യുതിക്കെണിയൊരുക്കി കിരണും പിതാവ് കുഞ്ഞുമോനും ചേർന്ന് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദിനേശൻ കിരണിൻ്റ അമ്മയുടെ സുഹൃത്താണ്.ദിനേശൻ വീട്ടിലെത്തുന്നത് ഇഷ്ടമല്ലാതിരുന്ന കിരൺ പിതാവ് കുഞ്ഞുമോനുമായി ചേർന്നാണ് വൈദ്യുത കെണി തയാറാക്കിയത്. ദിനേശൻ്റ മൃതദേഹം ഇരുവരും ചേർന്നാണ് ചതുപ്പിൽ തള്ളിയത്. നേരത്തെയും കുഞ്ഞുമോനും കിരണും ദിനേശനെ മർദിച്ചിരുന്നു.
വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തലാണ് ദിനേശൻ്റെ മരണം കൊലപാതകമാണെന്ന് തെളിയാൻ കാരണം.പ്രതി കിരണും ദിനേശനുമായി നേരത്തെ നിരവധി തവണ തർക്കമുണ്ടായിരുന്നുവെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു.
കൊലപ്പെടുത്തുന്നതിന് തലേന്നും ഇരുവരും തർക്കത്തിൽ ഏർപ്പെടുകയുംകിരൺ ദിനേശനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.കൊലപാതകത്തിൻ്റെ ആസൂത്രണത്തിൽ മാതാപിതാക്കളുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകം അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് മാതാവ് അശ്വമ്മയെ കേസിൽ പ്രതിയാക്കിയത്. കിരണിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ഇലക്ട്രിക്കൽ ജോലി അറിയാവുന്ന ഇയാൾ അനധികൃതമായി വീട്ടിലേക്ക് ലൈൻ വലിച്ചാണ് വൈദ്യുതി ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.