കോഴിക്കോട് വടകരയില്‍ ഒന്‍പതുവയസുകാരിയെ കാറിടിച്ചശേഷം കടന്നുകളഞ്ഞ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളം വഴി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെജീല്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്‍റെ പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദൃഷാനെയെയും മുത്തശ്ശിയെയും വാഹനമിടിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ പിടിയിലായത്. പരുക്കേറ്റ  ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്. അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. ‌‌‌‌അതേസമയം,  ഷെജീലിന് മാപ്പില്ലെന്ന് ദ്യഷാനയുടെ അമ്മ സ്മിത മനോരമ ന്യൂസിനോട് പറഞ്ഞു.

2024 ഫെബ്രുവരി 17–ാം തിയതി ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മുത്തശ്ശി മരിച്ചിരുന്നു. ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്. ചോറോട് റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. അപകട ശേഷം കാര്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, കാര്‍ മതിലിടിച്ചുവെന്ന് പറഞ്ഞ് ഷെജീല്‍ 36000 രൂപ ഇന്‍ഷുറന്‍സ് തുകയിനത്തിലും തട്ടിയിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷം കാര്‍ കണ്ടെത്തി, അപ്പോഴും ഷെജീല്‍‌ കാണാമറയത്തായിരുന്നു.

വടകര അപകടത്തില്‍ പൊലീസ് ഇന്ന് കുറ്റപ്പത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഷെജീല്‍ പിടിയിലായത്. ഇനി അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും കുറ്റപത്രം സമര്‍പ്പിക്കുക. ദ്യഷാനയ്ക്ക് നീതി ലഭിക്കുന്നതിനൊപ്പം നല്ല ചികിത്സയ്ക്ക് സുമനസുകളുടെയും സര്‍ക്കാരിന്‍റെയും സഹായം തേടുകയുമാണ് കുടുംബം.

ENGLISH SUMMARY:

Police have arrested Shejeel, the accused in the hit-and-run case of a 9-year-old girl in Vadakara, Kozhikode. He was caught in Coimbatore after a lookout notice was issued. The incident also resulted in the death of the girl's grandmother.