മഹാരാഷ്ട്രയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പേരിൽ 17 വയസ്സുകാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഹിമാൻഷു ചിമ്മിനിയെന്ന യുവാവിനെ സുഹൃത്തായ മാനവ് ജുമ്‌നാകെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പിംപൽഗാവ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് ഭീകരമായ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം മാനവ് ജുംനാകെയ്ക്ക് ഒപ്പം ഹിമാന്‍ഷു ചിമ്‌നെ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌റ്റോറി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോളിന്‍റെ ഭാഗമായി വോട്ട് അഭ്യര്‍ഥിച്ചായിരുന്നു സ്‌റ്റോറി. ഇതില്‍ മാനവിനേക്കാള്‍ വോട്ടുകള്‍ ഹിമാന്‍ഷുവിന് ലഭിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പേരിൽ ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയെങ്കിലും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തർക്കം മൂർച്ഛിക്കുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. ഹിംഗൻഘട്ട് പൊലീസ് മാനവിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് പൊലീസ് അറിയിച്ചു.