kozhikode-medical-college-1

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് തെറ്റുപറ്റിയതായി മനുഷ്യാവകാശ കമ്മിഷന്‍റെ അന്വേഷണറിപ്പോര്‍ട്ട്. പരിചയസമ്പന്നരായ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അതിജീവിത.  

അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത് മുതല്‍ വീഴ്ച്ചകളുടെ പരമ്പരയാണ് മെഡിക്കല്‍ കോളജില്‍ ഉണ്ടായത്. പരിചയ സമ്പന്നരായ ഡോക്ടറെ കൊണ്ട് അന്വേഷിപ്പിച്ചില്ലെന്ന് മാത്രമല്ല അതിജീവിത ഉന്നയിച്ച പരാതികളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താനും തയ്യാറായില്ല. വൈദ്യപരിശോധനയ്ക്കായി പൊലിസ് നല്‍കിയ അപേക്ഷയില്‍ കേസിന്‍റെ ഗൗരവം കൃത്യമായി ചൂണ്ടിക്കാട്ടിയെങ്കിലും ആരും ഇത് ഗൗരവത്തിലെടുത്തില്ല. മെഡിക്കല്‍, ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോ. കെ. വി. പ്രീതിയ്ക്ക് വീഴ്ച്ച പറ്റിയെന്ന അതീജിവിതയുടെ പരാതിയും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. 

2023 മാര്‍ച്ചിലാണ് ശസ്ത്രക്രിയ കഴി‍ഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴി‍ഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതി മൂന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലാണ്.