സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ കാലിക്കറ്റ് വാഴ്സിറ്റി കലോല്‍സവങ്ങള്‍. പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന എ സോണിലും കോഴിക്കോട് ചെക്യാട്ടെ ബി സോണിലും ഇന്ന് സംഘര്‍ഷമുണ്ടായി. തൃശൂരിലെ ഡീ സോണ്‍ കലോല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പത്ത് എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു
പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന എ സോണ്‍ കലോല്‍സവത്തിനിടെ മല്‍സരഫലത്തെ ചൊല്ലിയാണ് സംഘാടകരും യൂണിയന്‍ ഭാരവാഹികളും തമ്മിലടിച്ചത്. തര്‍ക്കം അതിരുവിട്ടതോടെ പൊലീസ് ഇടപെട്ടു. അധ്യാപകര്‍ ഇടപ്പെട്ടാണ് പിന്നീട് മല്‍സരങ്ങള്‍ പുനരാരംഭിച്ചത്.
കോഴിക്കോട് നടക്കുന്ന ബി സോണ്‍ കലോല്‍സവത്തിനിടെ ചെക്യാട് പുളിയാവ് കോളജില്‍ എസ്എഫ്ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നാടകം മല്‍സരം അവസാനിക്കുന്നതിന് മുമ്പായി കര്‍ട്ടന്‍ താഴ്ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. സംഘര്‍ഷം അതിരുവിട്ടതോടെ പൊലിസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികള്‍ ചികില്‍സയിലാണ്. തൃശൂർ മാളയിൽ ഡീ സോൺ കലോൽസവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂണിയന്‍ ചെയര്‍പേഴ്സണ്‍ നിധിന്‍ ഫാത്തിമയുടെ പരാതിയിലാണ് SFI യൂണിറ്റ് സെക്രട്ടറി ആഷിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.