goonda-threat

TOPICS COVERED

കൊച്ചിയിൽ ഗുണ്ടകളുടെ മർദനത്തിനും വധ ഭീഷണിക്കും പിന്നാലെ മധ്യവയസ്കൻ ജീവനൊടുക്കി. ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവെച്ച ശേഷം തിരുവാണിയൂർ സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്. അടിപിടി കേസിൽ അറസ്റ്റിലായ ഹരീഷിനെയും മാണിക്യനെയും ജാമ്യത്തിലിറക്കാൻ വരാതിരുന്നതാണ് സുഹൃത്തായ ബാബുവിനോടുള്ള ഗുണ്ടകളുടെ വൈരാഗ്യത്തിന് കാരണം.

തിരുവാങ്കുളം കവലേശ്വരം കാഞ്ഞിരപ്പുഴ തോടിന് സമീപത്തെ മരത്തില്‍ കയറില്‍ തൂങ്ങിയ നിലയിലാണ് ബാബുവിന്‍റെ മൃതദഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കെത്തിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ബാബുവിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന കുറിപ്പിലാണ് മരണത്തിന് ഉത്തരവാധി ഹരീഷ്, മാണിക്യന്‍ എന്നിവരാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കൊലക്കേസ് പ്രതിയാണ് പാപ്പിയെന്ന് വിളിക്കുന്ന ഹരീഷ്, മാണിക്യനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളും നിലവിലുണ്ട്. 

ഒക്ടോബര്‍ അസം സ്വദേശിയെ ആക്രമിച്ച കേസില്‍ ഇരുവരും അറസ്റ്റിലായി. ഈ കേസില്‍ ജാമ്യത്തിലെടുക്കാന്‍ എത്തിയില്ലെന്ന് പറഞ്ഞ് ഇരുവരും വ്യാഴാഴ്ച ബാബുവിനെ ആക്രമിച്ചു. ബാബുവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസം ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ പൊലീസിന്‍റെ ശ്രമം.

സ്ഥിരം പ്രശ്നക്കാരായ ഹരീഷും മാണിക്യനും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. മരിച്ച ബാബുവിനെതിരെയും കേസുകള്‍ നിലവിലുണ്ട്. തന്‍റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്‍റെ പകര്‍പ്പിന് പുറകിലാണ് ആത്മഹത്യയുടെ കാരണം ബാബു എഴുതിയത്. മാണിക്യനും ഹരീഷും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ ബാബു വ്യക്തമാക്കിയിരുന്നു. ഒളിവിലുള്ള ഗുണ്ടകള്‍ക്കെതിരെ ഹില്‍ പാലസ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ENGLISH SUMMARY:

A Thiruvaniyoor native Babu committed suicide in Kochi due to fear of threats from goondas