പാലക്കാട് എലപ്പുള്ളിയിൽ കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ കടത്തുകയായിരുന്ന 3,500 ലീറ്റര്‍ സ്പിരിറ്റുമായി അഞ്ചുപേര്‍ അറസ്റ്റില്‍. എറണാകുളം, പാലക്കാട് സ്വദേശികളെയാണ് ടൗണ്‍ സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി വാഹനം പിന്തുടര്‍ന്ന് പിടികൂടിയത്. സംഘം നേരത്തെയും സ്പിരിറ്റ് കടത്തിയതിന് സൂചന ലഭിച്ചെന്നും വ്യാജമദ്യ നിര്‍മാണമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.
കാലിത്തീറ്റയെന്ന വ്യാജേന കടലത്തോടാണ് ചാക്കുകളില്‍ നിറച്ചിരുന്നത്. പ്ലാറ്റ്ഫോമില്‍ ചാക്ക് വിരിച്ച് സ്പിരിറ്റ് കന്നാസുകള്‍ അടുക്കിവച്ചശേഷം മുകളിലായി കടലത്തോട് നിറച്ച ചാക്കുകള്‍ കെട്ടിയാണ് ലോറി അതിര്‍ത്തി കടത്തിയത്. വഴിയിലെല്ലാം കാലിത്തീറ്റയെന്ന് തെളിയിക്കാനുള്ള വ്യാജ ബില്ലും കരുതിയിരുന്നു. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡാണ് ലോറിയുടെ വരവ് കൃത്യമായി മനസിലാക്കിയത്.
എലപ്പുള്ളി അംബുജം സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ലോറിയെത്തിച്ച് കാറിലേക്ക് കന്നാസുകള്‍ മാറ്റാന്‍ തുടങ്ങുന്നതിനിടയിലാണ് പിടിവീണത്. 100 കന്നാസുകളിലായി 3,500 ലീറ്റര്‍ സ്പിരിറ്റാണ് കടത്താന്‍ ശ്രമിച്ചത്. എറണാകുളം പറവൂർ സ്വദേശികളായ പ്രദീപ്, വിനോദ്, വിജു, പാലക്കാട് മിഥുനം പള്ളം സ്വദേശി പ്രജിത്ത്, വണ്ണാമട സ്വദേശി ബിനു എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ലോറിയും രണ്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് വിവിധ ഇടങ്ങളിലെത്തിച്ച് വ്യാജമദ്യമുണ്ടാക്കി വിതരണമായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരുടെ ഫോണില്‍ നിന്നും വിദേശമദ്യത്തിന്റെ ലേബലും സ്റ്റിക്കറിന്റെ മാതൃകയും ഇടപാടിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ സഹോദര പുത്രനാണ് പിടിയിലായ വണ്ണാമട സ്വദേശി ബിനു. കള്ള് ചെത്ത് തോട്ടത്തിന്റെ നടത്തിപ്പുള്ള ഇയാള്‍ നേരത്തെയും സ്പിരിറ്റ് ഇടപാട് നടത്തിയതിനും വ്യാജമദ്യം നിര്‍മിച്ചതിനും തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിഭാഗീയതയാണ് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് സ്പിരിറ്റ് കടത്ത് വിവരം ലഭിച്ചതിന് പിന്നിലെന്നും പ്രചാരണമുണ്ട്. ബിനുവിന്റെ പിതൃസഹോദരന്‍ കൂടിയായ മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണ് കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കം ശക്തിപ്പെടുന്നത്. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് സ്പിരിറ്റ് കടത്ത് സംഘത്തിന്റെ നീക്കം നിരീക്ഷിച്ച് പൊലീസിനെ അറിയിച്ചതെന്നാണ് പറയുന്നത്.
അതേസമയം സ്പിരിറ്റ് പിടികൂടാന്‍ ചുമതലയുള്ള എക്സൈസ് സംഘം പരിശോധന കുറയ്ക്കുകയും പൊലീസ് കൂടിയ അളവില്‍ ലഹരി കണ്ടെത്തുകയും ചെയ്യുന്നത് എക്സൈസിന്റെ വീഴ്ചയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഒരുമാസത്തിനിടെ 10000 ലീറ്ററിലേറെ സ്പിരിറ്റാണ് പൊലീസ് മാത്രം പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തിയായി തുടരുന്ന സാഹചര്യമാണുള്ളത്. സ്പിരിറ്റുമായി ടോള്‍ പ്ലാസ കടന്നുപോയ ലോറിയില്‍ പിന്നീട് മരപ്പൊടിയാണെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ജില്ലയില്‍ എക്സൈസിന്റെ തലപ്പത്തുള്ളതെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ്് അച്യുതന്‍ ആരോപിച്ചു.