തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ദുജയുടെ കുടുംബത്തിന്‍റെ ആരോപണം നിഷേധിച്ച് ഭര്‍ത്താവിന്‍റെ അമ്മ. മുഖത്തേത് ബസിന്റെ കമ്പിയില്‍ തട്ടിയ പാടെന്ന് അഭിജിത്തിന്‍റെ അമ്മ പൈങ്കിളി. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും പൈങ്കിളി പറയുന്നു.
അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് ഇന്ദുജയുടെ കുടുംബം. രണ്ടാഴ്ച മുൻപ് വീട്ടിലെത്തുമ്പോൾ മകളുടെ കവിളിൽ മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ദുജയുടെ കുടുംബത്തിന്‍റെ ആരോപണങ്ങൾ ശരി വയ്ക്കുന്ന തരത്തിലാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മരണത്തിന്‍റെ ഗൗരവം മനസിലാക്കി തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഡിവൈഎസ്പി എസ് ഷിബു പറഞ്ഞു. ALSO READ: ഇന്ദുജയുടെ കവിളില്‍ അടിയേറ്റ പാട്; മരണത്തില്‍ ദുരൂഹത; ഭര്‍ത്താവ് കസ്റ്റഡിയില്‍...
അസ്വാഭാവിക മരണത്തിന് കേസെടുത്ത പാലോട് പൊലീസ് ഭർത്താവ് അഭിജിത്ത് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്തിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. യുവതിയുടെ മരണത്തിൽ ഗാർഹിക പീഡനമോ ജാതി വിവേചനമോ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇന്ദുജയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.