തൃശൂർ ഒല്ലൂരിൽ ഇൻസ്പെക്‌ടറെ കുത്തിയ ഗുണ്ടയും കൂട്ടാളികളും റിമാൻഡിൽ. വൈദ്യപരിശോധനയ്ക്കായി തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച ഗുണ്ട മാരിമുത്തു ക്യാമറയ്ക്ക് മുമ്പിൽ പ്രത്യേക ചേഷ്ഠകൾ കാട്ടി.
ഒല്ലൂർ സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ടി.പി.ഫർഷാദിന് ഇന്നലെയാണ് കുത്തേറ്റത്. പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ബോംബ് വച്ചു തകർക്കുമെന്ന് മാരിമുത്തു ഭീഷണിപ്പെടുത്തിയിരുന്നു. ഈ കോൾ കിട്ടിയതിനു പിന്നാലെ ഇൻസ്പെക്‌ടറും സംഘവും മാരിമുത്തുവിനെ പിടിക്കാനിറങ്ങി. അഞ്ചേരിക്കാവിൽ പറമ്പിൽ നിലയുറപ്പിച്ച ഗുണ്ട മാരിമുത്തു പൊലീസിനെ കണ്ടതും കത്തിവീശി. ബലംപ്രയോഗിച്ച് പിടികൂടുന്നതിനിടെ ഇൻസ്പെക്ടറെ രണ്ടു തവണ കുത്തി.
തോളിലും കയ്യിലും കുത്തേറ്റു. ഇൻസ്പെക്ടർ ആരോഗ്യനില വീണ്ടെടുത്തു. വധശ്രമം ചുമത്തിയാണ് മാരിമുത്തുവിനെ പിടികൂടിയത്. പൊലീസ് കസ്‌റ്റഡിയിലും ഗുണ്ടയുടെ പരാക്രമം തുടർന്നു. ജില്ലാ ആശുപത്രിയിൽ എത്തി മടങ്ങുമ്പോൾ ദൃശ്യമാധ്യമങ്ങളുടെ കാമറയ്ക്കു മുമ്പിലും ചേഷ്‌ഠകൾ കാട്ടി. മാരിമുത്തുവിനൊപ്പമുള്ള രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. കഞ്ചാവ് സ്‌ഥിരമായി ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസിൽ പിടിക്കപ്പെട്ട രണ്ടു യുവാക്കളെ വിട്ടയയ്ക്കണമെന്ന് സിനിമാ സ്റ്റൈലിൽ ആവശ്യപ്പെട്ടായിരുന്നു മാരിമുത്തുവിന്റെ ഭീഷണി കോൾ ഒല്ലൂർ സ്റ്റേഷനിൽ വന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് ബോംബ് വച്ച് തകർക്കുമെന്ന് ഫോണിൽ ഭീഷണി മുഴക്കിയ തീക്കാറ്റ് സാജൻ ഇപ്പോഴും ഒളിവിലാണ്.