പട്ടാമ്പി മരുതൂർ തൊണ്ടിയന്നൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച. വെള്ളോപ്പുള്ളി വലിയവീട്ടിൽ അച്യുതൻകുട്ടിയുടെ വീട്ടിലാണ് കവർച്ചയുണ്ടായത്. പട്ടാമ്പി പൊലീസെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം രാത്രിയിലാണ് കവര്‍ച്ചയുണ്ടായതെന്നാണ് നിഗമനം. അച്യുതൻകുട്ടിയും കുടുംബവും മുംബൈയിലാണ് താമസം.
കഴിഞ്ഞ ഇരുപത്തി ഒന്നിനാണ് നാട്ടിലുണ്ടായിരുന്ന കുടുംബം മുംബൈയിലേക്ക് മടങ്ങിയത്. രാവിലെ സമീപത്തുള്ള ബന്ധുക്കൾ വീടിനു മുന്നിലൂടെ പോകുമ്പോഴാണ് വാതിൽ തകർത്തനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരമറിയുന്നത്. പട്ടാമ്പി പൊലീസെത്തി പരിശോധിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും പാത്രങ്ങളും മോഷണം പോയെന്നാണ് നിഗമനം. വീടിനുള്ളിലെ വാതിലുകളെല്ലാം തകർത്തിട്ടുണ്ട്. അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പട്ടാമ്പി പൊലീസിന്റെ അന്വേഷണം.