കോഴിക്കോട് കൊടുവള്ളി സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ മുഖ്യ സൂത്രധാരനായ രമേശന്‍ സ്വർണം നഷ്ടപ്പെട്ട ബൈജുവിന്‍റെ കടയ്ക്കുമുന്നില്‍ നിരീക്ഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. രമേശന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരം രണ്ട് കിലോയോളം സ്വർണമാണ് പ്രതികള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പത്ത് മണിക്ക് ബൈജുവിനെ കാർ ഇടിച്ചിട്ട് സ്വർണം കവരുന്നതിന് അരമണിക്കൂർ മുമ്പുള്ള ദൃശ്യമാണിത്. ബൈജുവിന്‍റെ കടയ്ക്ക് സമീപത്ത് സ്വർണാഭരണങ്ങള്‍ നിർമിക്കുന്ന കട നടത്തുന്ന രമേശനിലേക്ക് അന്വേഷണം എത്തിച്ചത് ഈ ദൃശ്യങ്ങളാണ്. രമേശന്‍ ബൈജുവിെ നിരീക്ഷിക്കുന്നതും ഫോണ്‍ ചെയ്യുന്നതും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊടുവള്ളി ടൌണിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് രമേശിന്‍റെ അസ്വഭാവിക പെരുമാറ്റം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കവർച്ചയ്ക്ക് പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശിനെ പൊലീസ് പിന്തുടർന്നിരുന്നു. രമേശനാണ് കവർച്ചയുടെ സൂത്രധാരനെന്നും വലിയ ലാഭം പ്രതീക്ഷിച്ച് തൃശൂർ സ്വദേശിയായ വിപിനും സംഘത്തിനും രമേശന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നും പൊലീസ് കണ്ടെത്തി. ഒന്നര കിലോയോളം സ്വർണവും രമേശനില്‍ നിന്ന് കണ്ടെടുത്തു.
രമേശ് അടക്കം അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായത്. ക്വട്ടേഷന്‍ തുകയായ 12 ലക്ഷം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താമരശേരി ഡിവൈഎസ്പി എ.പി ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.