മുംബൈയില്‍ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിന്‍റെ കസ്റ്റഡി നീട്ടി കോടതി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും സൃഷ്ടിയുമായുള്ള ഇയാളുടെ നീക്കം ചെയ്ത വാട്ട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതിനുമാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സൃഷ്ടിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചുള്ള നിർണായക വിരങ്ങള്‍ നീക്കം ചെയ്ത ചാറ്റുകളില്‍ നിന്ന് ലഭിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
നവംബർ 25 നാണ് മുംബൈയിലെ വാടകവീട്ടിൽ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആദിത്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സൃഷ്ടി തന്നെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോളാണ് ഫരീദാബാദിലെത്തിയതെന്ന് ആദിത്യ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി ആദിത്യയെ വിഡിയോ കോൾ ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. ആദിത്യയുമായുള്ള തർക്കത്തെ തുടർന്നാണ് സൃഷ്ടി ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്.
സൃഷ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും പൊലീസില്‍ അറിയിച്ചില്ല, സൃഷ്ടിയുടെ പൂട്ടിയ വീട്ടില്‍ പൊലീസില്ലാതെ കയറി എന്നിവയുടെ പശ്ചാത്തലത്തിലാണ് ആദിത്യയെ കസ്റ്റഡിയിലെടുക്കുന്നത്. ആദിത്യ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആദിത്യയും മറ്റൊരു വനിതാ പൈലറ്റും ചേർന്നാണ് വാതിൽ തുറന്നത്. സൃഷ്ടിയുമായി അവസാനം സമ്പർക്കം പുലർത്തിയ ആളും ആദിത്യയാണ്.
ആദിത്യ ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പ് സ്വയം ഉപദ്രവിക്കുമെന്ന് സൃഷ്ടി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭീഷണികള്‍ ആദിത്യ അവഗണിച്ചു. ഞായറാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സൃഷ്ടി ആദിത്യയുമായി തര്‍ക്കിച്ചിരുന്നു. എന്നാല്‍ സൃഷ്ടിയുമായുള്ള ചാറ്റുകള്‍ ആദിത്യ മൊബൈലില്‍ നിന്നും നീക്കം ചെയ്തു. ഈ സന്ദേശങ്ങളാണ് ഫോറൻസിക് വിദഗ്ധരുമായി ചേർന്ന് വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. ആദിത്യയുടെ ഫോണിൽ നിന്ന് 10-11 ഫോൺ സംഭാഷണങ്ങളും സൃഷ്ടിയുടെ നിരവധി മിസ്ഡ് കോളുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
രണ്ട് വർഷം മുമ്പ് ഡൽഹിയിൽ കൊമേഴ്‌സ്യൽ ഫ്ലൈയിങ് കോഴ്‌സിനിടെയാണ് സൃഷ്ടി ആദിത്യയെ പരിചയപ്പെടുന്നത്. പൈലറ്റ് ലൈസൻസ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് സൃഷ്ടി മുംബൈയിലേക്ക് മാറിയത്. ഡൽഹിക്കടുത്ത് ഫരീദാബാദിലാണ് ആദിത്യ താമസിച്ചിരുന്നത്. ഇയാള്‍ ഇടയ്ക്കിടെ സൃഷ്ടിയെ സന്ദർശിക്കുമായിരുന്നു. സൃഷ്ഠി മാംസാഹാരം ഉപേക്ഷിക്കമെന്ന് ആദിത്യ വാശിപിടിച്ചിരുന്നു. ഇതിന്‍റെ പേരില്‍ സൃഷ്ഠിയെ മറ്റുള്ളവരുടെ മുന്നിലിട്ട് ആദിത്യ കളിയാക്കുന്നത് പതിവായിരുന്നുവെന്ന് എഫ്.ഐ.ആറിലുണ്ട്. ആദിത്യ സൃഷ്ഠിയോട് മോശമായി പെരുമാറിയ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അതെല്ലാം സൃഷ്ഠിയെ മാനസികമായി തളര്‍ത്തിയിരുന്നവെന്നാണ് പരാതിയിലുള്ളത്.
എന്നാല്‍ മരണവാര്‍ത്ത കുടുംബം അറിയുന്നതിന് പതിനഞ്ചു മിനിറ്റ് മുന്‍പേ അമ്മയോടും അമ്മായിയോടും സൃഷ്ടി സംസാരിച്ചതായാണ് കുടുംബം പറയുന്നത്. സൃഷ്ടി ആത്മഹത്യ ചെയ്തതാണെന്ന് തള്ളിയ കുടുംബം കാമുകൻ ആദിത്യ പണ്ഡിറ്റ് സൃഷ്ടിയെ ഉപദ്രവിച്ചെന്നും കൊലപ്പെടുത്തിയതാണെന്നും ആരോപിക്കുന്നുണ്ട്. ‘അവൾ ആത്മഹത്യ ചെയ്താണെനന് അവർ പറയുന്നു, പക്ഷേ ഞാൻ അത് വിശ്വസിക്കുന്നില്ല. ആസൂത്രിത കൊലപാതകമാണിത്. അവൾ ശക്തയായിരുന്നു, അല്ലെങ്കിൽ അവൾ പൈലറ്റ് ആകില്ല. ആദിത്യ അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല, അതില്‍ അവന് അസൂയയുണ്ടായിരുന്നു അവളെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു’. സൃഷ്ടിയിൽ നിന്ന് ആദിത്യ പണം തട്ടിയെന്നും സൃഷ്ടിയുടെ അമ്മാവന്‍ വിവേക് തുലി ആരോപിച്ചിരുന്നു.