കാസർകോട് ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ നേതാവ് കോടികൾ തട്ടിയ കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് തട്ടിപ്പിനിരയായവർ. കേസ് അന്വേഷണം ഒരാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് ആരോപണം.
വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത സച്ചിതാ റായിക്കെതിരെ കാസർകോടും കർണാടകയിലുമായി 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തട്ടിയെടുത്ത പണം 50 ഓളം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉഡുപ്പിയിൽ സ്വകാര്യ
പ്ലേസ്മെന്റ് സ്ഥാപനം നടത്തുന്നയാളുടെ നിർദ്ദേശത്തെ തുടർന്നാണ് പണം മാറ്റിയതെന്നാണ് സച്ചിതാ റായി പൊലീസിന് നൽകിയ മൊഴി. ഇതോടെ കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെയും ആരെയും പ്രതി ചേർത്തിട്ടില്ല.
സച്ചിതയുടെ ഭർത്താവായ കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം. പൊലീസിനെ സമീപിക്കുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നും പരാതിക്കാർ പറയുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെ സമഗ്രാന്വേഷണത്തിലൂടെ കണ്ടെത്തെണമെന്നാണ് ആവശ്യം.