mobilephone-robbery

കൊച്ചി മൊബൈല്‍ കൂട്ടക്കവര്‍ച്ചക്കേസില്‍ കൊച്ചി സിറ്റി പൊലീസിന്‍റെ പിടിയിലായ പ്രതികള്‍ വിദേശികളെയും കൊള്ളയടിച്ചു. ഡല്‍ഹി ഗാങില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണുകളിലൊന്ന്  ബ്രസീലുകാരന്‍ ഗബ്രിയേല്‍ മഫ്രയുടേതാണെന്ന് കണ്ടെത്തി. കഴിഞ്ഞമാസം ഡല്‍ഹിയിലെ അലന്‍ വോക്കര്‍ ഷോയ്ക്കിടെയാണ് ബ്രസീലുകാരന്‍റെ മൊബൈല്‍ കവര്‍ന്നത്.

 

നോര്‍വീജിയന്‍ ഡിജെ അലന്‍ വോക്കറുടെ യഥാര്‍ഥ ഫോളോവേഴ്സ് ആരെന്ന് ചോദ്യത്തിനുത്തരമാണ് ഡല്‍ഹി, മുംബൈ കവര്‍ച്ചാസംഘം. അലന്‍വോക്കറുടെ ഓരോ ചലനങ്ങളും കൃത്യമായി അറിഞ്ഞായിരുന്നു കവര്‍ച്ചാസംഘങ്ങളുടെ ആസൂത്രണം. അലന്‍വോക്കറുടെ ഇന്ത്യന്‍ പര്യടനത്തിന്‍റെ തുടക്കം സെപ്റ്റംബര്‍ 29ന് ‍ഡല്‍ഹിയില്‍ നിന്ന്. ഈ ഷോയിലും ഡല്‍ഹി സംഘം നുഴഞ്ഞുകയറി ഫോണുകളും കവര്‍ന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ബ്രസീലുകാരന്‍ ഗബ്രിയേല്‍ മഫ്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിനടുത്ത് വിലയുള്ള ഐഫോണ്‍. ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസോ അന്വേഷണമോ ഉണ്ടായില്ല. 

കൊച്ചിയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയിലെ കവര്‍ച്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഡല്‍ഹി ഗാങിലെ അതിക് ഉര്‍ റഹ്മാന്‍, വസിം അഹമ്മദ് എന്നിവരില്‍ നിന്ന് 20 ഫോണുകളാണ് പിടിച്ചെടുത്തത്. ബ്രസീലുകാരന്‍റേതിന് പുറമെ ഇതില്‍ എട്ട് ഫോണുകള്‍ കൊച്ചിയില്‍ നിന്ന് കവര്‍ന്നതെന്ന് സ്ഥിരീകരിച്ചു. മറ്റ് ഫോണുകള്‍ ആരുടേതെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കവര്‍ച്ചയ്ക്ക് ശേഷം മുംബൈ ഗാങ് അംഗങ്ങള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളും മനോരമ ന്യൂസ് പുറത്തുവിട്ടു. നെടുമ്പാശേരി വിമാനതാവളത്തില്‍ പ്രതികള്‍ ടാക്സിയില്‍ വന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.