കള്ളനോട്ടുകളുമായി ലോട്ടറി ഏജന്‍റ് പിടിയിലായതിന് പിന്നാലെ ദുരൂഹതയേറ്റി പറവൂരിൽ വഴിയരികിൽ ഉപേക്ഷിച്ച കള്ളനോട്ടുകൾ. നെടുമ്പാശേരി പറവൂർ റോഡിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് ഒൻപത് അഞ്ഞൂറ് രൂപ നോട്ടുകളാണ് കണ്ടെത്തിയത്. കള്ളനോട്ട് ഏജൻ്റുമാർ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നോട്ടുകൾ വഴിയരികിൽ കണ്ടെത്തിയത്.

Also Reado : വഴിയരികിലെ കള്ളനോട്ട് കാറ്റടിച്ചപ്പോള്‍ റോഡില്‍; കാര്യമറിയാതെ പോക്കറ്റിലാക്കി ആളുകള്‍

ഏറെ തിരക്കുള്ള നെടുമ്പാശേരി പറവൂർ റോഡിൽ ഇന്ന് ഉച്ചയോടെയാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. നോട്ടുകൾ റോഡിലേക്ക് പറന്നതോടെ ചിലർ ഒറിജിനലെന്ന് കരുതി നോട്ടുകൾ കൈക്കലാക്കി കടന്നു. ബാക്കിയുള്ള ഒൻപത് നോട്ടുകൾ പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തി. കുന്നുകര ഗവൺമെന്‍റ് സ്കൂളിന് സമീപമാണ് നോട്ടുകൾ ഉപേക്ഷിച്ചത്. പരിശോധനയിൽ കള്ളനോട്ടെന്ന് ഉറപ്പിച്ച നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

പ്രദേശത്ത് തുടർച്ചയായുള്ള കള്ളനോട്ടുകളുടെ സാന്നിധ്യം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കള്ളനോട്ടുകളുമായി ലോട്ടറി ഏജന്റ് ശ്രീകാന്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 500 രൂപയുടെ 13 നോട്ടുകളാണ് ശ്രീകാന്തിൽ നിന്ന് പിടിച്ചെടുത്തത്. 

കുന്നുകര സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോളാണ് പിടി വീണത്. ഇതിന്റെ ചുവട് പിടിച്ച് അന്വേഷണം പുരോഗമിക്കവെയാണ് കള്ളനോട്ടുകൾ റോഡരികിൽ പ്രത്യക്ഷപ്പെട്ടത്. റോഡിൽ നിന്ന് കിട്ടിയ നോട്ടുകൾ ഒറിജിനലെന്ന് കരുതി കൊണ്ടുപോയവർ സൂക്ഷിക്കുന്നത് നല്ലതാണ്. മറ്റെവിടെയെങ്കിലും ഇടപാടുകൾക്ക് ഉപയോഗിച്ചാൽ കുരുക്കാകാൻ സാധ്യതയേറെയാണ്.

ENGLISH SUMMARY:

Fake currency seized from paravoor