നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ 19 കാരി ലേഡി ഡോണ്‍ ഒടുവില്‍ പിടിയില്‍. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനു ധന്‍കറിനെ യുപി ലഖിംപൂര്‍ ഖേരിയില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
പോര്‍ച്ചുഗല്‍ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്‍റെ സൈബര്‍ പടയുടെ നേതാവാണ് 19കാരി അനു. പ്ലസ്ടു വരെ പഠിച്ച അനു ക്വട്ടേഷന്‍ സംഘാംങ്ങളോട് കൂട്ടുചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. ജൂണ്‍ 18ന് ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്‍റെ എതിര്‍സംഘമായ അശോക് പ്രധാന്‍ സംഘത്തിലെ അമന്‍ ജൂണ്‍ എന്നയാളെ വെടിവച്ചുകൊന്നു. രജൗറി ഗാര്‍ഡനിലെ ബര്‍ഗര്‍ കിങ് ഔട്ട‌്‌ലെറ്റിലായിരുന്നു കൊലപാതകം.
കൊല്ലപ്പെട്ട അമന്‍ ജൂണിനെ ബര്‍ഗര്‍ കടയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് അനുവാണ്. എതിര്‍സംഘത്തിലെ ആളുകളില്‍നിന്ന് വിവരം ശേഖരിക്കാനാണ് ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹു അനുവിനെ ഉപയോഗിച്ചിരുന്നത്. അനുവിനുണ്ടായിരുന്നത് രണ്ട് ലക്ഷ്യങ്ങള്‍. ആഡംബര ജീവിതവും അമേരിക്കന്‍ വീസയും. ചെയ്യുന്ന ജോലിക്ക് അനുവിന് പണം ലഭിച്ചുകൊണ്ടേയിരുന്നു. അമേരിക്കയില്‍ സ്പോണ്‍സര്‍ഷിപ്പും ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്‍റെ വാഗ്ദാനത്തിലുണ്ടായിരുന്നു. വ്യാജ പേരുകളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആളുകളെ വലയിലാക്കുന്നതായിരുന്നു അനുവിന്‍റെ രീതി.