തിരുവനന്തപുരം പാറശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ ദമ്പതികളില്‍ ഭാര്യയുടേത് കൊലപാതകം. പ്രിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സെല്‍വരാജ് ആത്മഹത്യ ചെയ്തെന്ന് പൊലീസ് നിഗമനം. കുടുംബ പ്രശ്നങ്ങള്‍ കൊലപാതകത്തിന് കാരണമായെന്ന് സംശയിക്കുന്നതായി പൊലീസ്. വിടപറയുകയാണെന്‍ ജന്മം എന്ന പാട്ടിനൊപ്പം അവസാന വീഡിയോ പോസ്റ്റ് ചെയ്തശേഷമാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: 'വിട പറയുകയാണെന്‍ ജന്മം'...; വിഡിയോയ്ക്ക് പിന്നാലെ വ്ലോഗര്‍ ദമ്പതിമാര്‍ ജീവനൊടുക്കി
വിടപറയുകയാണെന്‍ ജന്മം എന്ന പാട്ടിനൊപ്പം സെല്‍വരാജിന്റേയും പ്രിയയുടെയും ഫോട്ടോകളും വീഡിയോകളും മാത്രമാണുളളത്. ഇരുവരുടേയും ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലില്‍ വെളളിയാഴ്ച വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്തെങ്കിലും പ്രശ്നമുണ്ടോ , എന്താണിങ്ങനെ ഒരു വീഡിയോ , എന്താണ് ഫോണ്‍ എടുക്കാത്തത് എന്നൊക്കെ വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്. ആ ചോദ്യങ്ങള്‍ കേള്‍ക്കും മുമ്പേ പ്രിയയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രിയയുടെ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സെല്‍വരാജ് തൂങ്ങി മരിച്ചത്.
മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. തൊട്ടു തലേ ദിവസം വരെ ഒന്നിച്ച് സന്തോഷത്തോടെ വീഡിയോ ചെയ്ത ദമ്പതികള്‍ക്ക് എന്തു പററിയെന്നത് ദുരൂഹമാണ്. കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന മൊഴികളും സാമ്പത്തിക പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നു. വെളളിയാഴ്ച രാത്രി എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടും കിട്ടാത്തതിനാല്‍ മകന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രിയയെ കട്ടിലില്‍ കിടക്കുന്ന നിലയിലും സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുന്നത്. വീട്ടിലെ പാചകവും കൃഷി പണികളും ഒക്കെ ഒന്നിച്ച് ചെയ്യുന്ന വീഡിയോകള്‍ രസകരമായി പങ്കുവച്ചിരുന്ന ദമ്പതികളുടെ മരണമറിഞ്ഞ് ഞെട്ടലിലാണ് നൂറുകണക്കിന് ഫോളോവേഴ്സും. ഇരുവരുടേയും സംസ്കാരം നടത്തി.