image: instagram

image: instagram

വിവാഹം കഴിക്കണമെന്ന നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹിയിലെ നാങ്ഗ്ലോയിലാണ് സംഭവം.  സോണിയെന്ന 19കാരി പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ സോണി ഏഴുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ സോണിയുടെ കാമുകന്‍ സഞ്ജുവെന്ന സലിമിനെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

സമൂഹമാധ്യമത്തില്‍ വളരെ സജീവമായിരുന്നു കൊല്ലപ്പെട്ട സോണിയെന്ന് പൊലീസ് പറയുന്നു. കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവച്ചിരുന്നു. കാമുകനും സോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വിവാഹം വൈകിക്കരുതെന്ന് സോണി നിരന്തരം സലിമിനോട് ആവശ്യമുന്നയിച്ചിരുന്നു. 

ഗര്‍ഭം അലസിപ്പിക്കണമെന്ന് സലിമും ആവശ്യമുയര്‍ത്തി. ഇതേച്ചൊല്ലി ഇരുവരും നിരന്തരം കലഹിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച അത്യാവശ്യം സാധനങ്ങള്‍ മാത്രം എടുത്ത ശേഷം സലിമിനെ കാണാനായി സോണി വീട്ടില്‍ നിന്നും ഇറങ്ങി.  വീട്ടുവിട്ട് വന്ന സോണിയെ സലിമും സുഹൃത്തുക്കളും ഹരിയാനയിലെ റോഹ്​തകിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം ശരീരം മറവ് ചെയ്യുകയായിരുന്നു. കൃത്യത്തില്‍ പങ്കാളിയായ സലിമിന്‍റെ സുഹൃത്തുക്കളിലൊരാളെ കൂടി കണ്ടെത്താനുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Teenager was allegedly killed and buried by her boyfriend and two accomplices because she was pregnant and wanted to marry him, while he wanted her to abort the baby.