എറണാകുളം ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് തിരുവാണിയൂർ ഒന്നാം വാർഡിൽ രഞ്ജിത്ത് ഭാര്യ രശ്മി മക്കളായ ആദി, ആദ്യ എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
അധ്യാപകരായ രഞ്ജിത്തും രശ്മിയും സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതെ വന്നതോടെ ബന്ധുക്കളെ വിളിച്ചന്വേഷിക്കുകയിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിഞ്ഞത്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. മക്കളുടെ അടക്കം നാലു മൃതദേഹങ്ങളും വൈദ്യപഠനത്തിനായി കൈമാറണമെന്നാണ് കുറിപ്പിൽ പറയുന്നത്. രശ്മി പൂത്തോട്ട സ്കൂൾ അധ്യാപികയും രഞ്ജിത്ത് കണ്ടനാട് സ്‌കൂൾ അധ്യാപകനുമാണ്. ഫോറെൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.