കോഴിക്കോട് ഫറോക്ക് ടി.എം എച്ച് ആശുപത്രിയില്‍ രോഗി മരിക്കാന്‍ കാരണമായ വ്യാജ ഡോക്ടര്‍ തിരുവല്ല സ്വദേശി അബു ഏബ്രഹാമിനെ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ട്രന്‍സ് പരീക്ഷ പോലും എഴുതാതെയാണ് മാനേജ്മെന്‍റ് ക്വാട്ടയില്‍ ഇയാള്‍ എംബിബിഎസിനു പ്രവേശനം നേടിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇന്നലെ രാത്രിയാണ് മുക്കത്തെ വീട്ടില്‍ നിന്നും അബു ഏബ്രഹാം ലൂക്കിനെ ഫറോക്ക് പൊലീസ് പിടികൂടിയത്. ആള്‍മാറാട്ടം, വഞ്ചന, തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷ പോലും എഴുതാതെയാണ് അബു കോഴിക്കോട്ടെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ മാനേജ്മെന്‍റ് ക്വാട്ട വഴി 2011ല്‍ എം ബി ബി എസിന് പ്രവേശനം നേടിയത്. രണ്ടാം വര്‍ഷത്തില്‍ തോറ്റ രണ്ടു വിഷയങ്ങളില്‍ പ്രതി ഈ വര്‍ഷവും പരീക്ഷ എഴുതിയിട്ടുണ്ട്.
പഠിക്കുമ്പോള്‍ ഒബ്സേര്‍വര്‍ എന്ന നിലയില്‍ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്് പറഞ്ഞു. മരിച്ച വിനോദിന്‍റെ മകന്‍ അശ്വിന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി 2011 ബാച്ചാണെന്നും ഇതുവരെ എം ബി ബി എസ് പാസായിട്ടില്ലെന്നും അറിഞ്ഞത്. പാസായ മറ്റൊരാളുടെ റജിസ്റ്റര്‍ കൊടുത്താണ് ഫറോക്കിലെ ആശുപത്രിയില്‍ ഇയാള്‍ ജോലിക്ക് കയറിയത്. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്െഎയും യൂത്ത് കോണ്‍ഗ്രസും ടി.എം എച്ച് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.