subhadra-cadavor

ആലപ്പുഴ കലവൂരിലെ 73കാരിയുടേത് അതിക്രൂര കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഭദ്രയുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. വയോധികയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ശരീരത്തിന്റെ ഇരുവശത്തെയും വാരിയെല്ലുകൾ പൂർണമായി തകർന്ന നിലയിലാണ്. കഴുത്തിലെ അസ്ഥികൾക്ക് പൊട്ടലുണ്ട്. ഇടതു കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൈ ഒടിച്ചത് കൊലപാതക ശേഷം ആകാം എന്നാണ് നിഗമനം. മൃതദേഹം ജീർണാവസ്ഥയിൽ ആയതിനാൽ ചതവുകളും മറ്റു പരുക്കുകളും കണ്ടെത്തുക വെല്ലുവിളിയാണ്.

ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയക്കും.  കൊലപാതകത്തിനു മുൻപ് പ്രതികൾ കുഴിയെടുത്തതായി ആണ് പൊലീസ് സംശയിക്കുന്നത്. കാണാതായി ദിവസങ്ങൾക്കുള്ളിൽ   കൊല്ലപ്പെട്ടിരിക്കാം എന്നാണ് നിഗമനം. സുഭദ്രയെ അറിയാം എന്നും  ശർമിളയ്ക്ക് സുഭദ്രമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും മാത്യുസിന്റെ കുടുംബം പറയുന്നു. 

മാത്യുസും ശർമ്മളയും സ്ഥിരം മദ്യപാനികളാണ്. മദ്യപിച്ചാൽ ശർമിള ആക്രമിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തിരുന്നു.  പ്രതികൾ ഉഡുപ്പിയിൽ ഒളിവിൽ ഉണ്ടെന്ന വിവരമായിരുന്നു പൊലീസിനുണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന് ഇപ്പോഴും ഇവരിലേക്കെത്താൻ സാധിച്ചിട്ടില്ല. സുഭദ്രയുടെ മൃതദേഹം ബന്ധുക്കളെ ഏറ്റെടുത്ത് സംസ്കരിച്ചു.

സുഭദ്രയെ (73) കാണാനില്ലെന്നു മകൻ ഒരു മാസം മുൻപ് എറണാകുളം കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ നിന്ന് അവരുടെ മൃതദേഹം കണ്ടെടുത്തത്. ഓഗസ്റ്റ് 4നു ശേഷം അയൽവാസികളോ മക്കളോ സുഭദ്രയെ നേരിൽ കണ്ടിട്ടില്ല. ഇടയ്ക്കിടെ ഇവർ ക്ഷേത്രദർശന യാത്രകൾ നടത്താറുണ്ട്. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡിലെ വീട്ടിൽ തിരിച്ചെത്തും. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ഗോപാലകൃഷ്ണൻ മരിച്ച ശേഷം തനിച്ചായിരുന്നു താമസം. നാലാം ദിവസവും തിരിച്ചെത്താതായതോടെ ഇളയ മകൻ രാധാകൃഷ്ണൻ പരാതിപ്പെടുകയായിരുന്നു.

സൗത്ത് സ്റ്റേഷനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. സാധാരണ സാരിയുടുക്കുന്ന സുഭദ്ര ചുരിദാർ ധരിച്ച്, മറ്റൊരു സ്ത്രീക്കൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണു കിട്ടിയത്. ഫോൺവിളി രേഖകളിൽ അവസാനത്തെ ടവർ ലൊക്കേഷൻ കലവൂരും പരിസരവുമായിരുന്നു. അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്നത് ഇവരുമായി വർഷങ്ങളുടെ അടുപ്പമുള്ള ശർമിളയാണെന്നു തിരിച്ചറിഞ്ഞു. തുടർന്ന്, അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പൊലീസിനു കൈമാറി

മിടുക്ക് തെളിയിച്ച് ലില്ലി

കോർത്തുശേരിയിലെ വീട്ടുപരിസരത്തു കുഴിച്ചിട്ട സുഭദ്രയുടെ മൃതദേഹം കൃത്യമായി കണ്ടെത്തിയതു പൊലീസ് ഡോഗ് സ്ക്വാഡിലെ കഡാവർ ഡോഗ് ലില്ലിയുടെ (മായ) മിടുക്ക്. മണ്ണിനടിയിലെ മൃതദേഹ സാന്നിധ്യം തിരിച്ചറിയുന്നതിൽ പരിശീലനം ലഭിച്ചവയാണു കഡാവർ നായകൾ. തിങ്കളാഴ്ചയാണ് എറണാകുളത്തു നിന്നു മായയെ എത്തിച്ചു പരിശോധന നടത്തിയത്.കുഴിക്കു സമീപത്തു മൃതദേഹത്തിന്റെ മണം പിടിച്ചു മായ പൊലീസ് ഉദ്യോഗസ്ഥർക്കു സൂചന നൽകുകയായിരുന്നു. ‌ഇന്ത്യയിലെ ആദ്യത്തെ കഡാവർ ഡോഗുകളിലൊന്നാണു മായ. കേരള പൊലീസിലെ തന്നെ മർഫിയാണു മറ്റൊന്ന്.2020ൽ പെട്ടിമുടി ദുരന്തം, 2021ൽ കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടൽ, വയനാട് ഉരുൾപൊട്ടൽ എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മൃതദേഹങ്ങൾ കണ്ടെത്തി. വയനാട്ടിൽ രണ്ടാഴ്ചയിലേറെ സേവനമനുഷ്ഠിച്ചിരുന്നു.