അയൽവാസിയുടെ പകയിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് എറണാകുളം എടക്കാട്ടുവയൽ സ്വദേശി മനോജും കുടുംബവും. കഴിഞ്ഞദിവസമാണ് അയൽവാസിയായ രാജു, മനോജിന്റെ പശുക്കളെ ആക്രമിച്ചത്. ആക്രമണത്തിൽ പൂർണ്ണവളർച്ചയെത്തിയ പശുവിനെയാണ് മനോജിന് നഷ്ടപ്പെട്ടത്.
കുഞ്ഞുങ്ങൾ അടക്കം ആകെ ഉണ്ടായിരുന്നത് ആറ് പശുകൾ. ഇതിൽ പൂർണ്ണവളർച്ചയെത്തിയ പശുവിനെയാണ് കഴിഞ്ഞദിവസം അയൽവാസിയായ രാജു വെട്ടിക്കൊന്നത്. വെട്ടേറ്റ മറ്റൊരു പശു ചികിത്സയിലാണ്. പഞ്ചായത്തിൽ നിന്നും ലഭിച്ച ധനസഹായത്തിലാണ് തൊഴുത്ത് നിർമിച്ചത്. പാൽ വിറ്റാണ് ജീവിതം. അതുകൊണ്ടുതന്നെ പശു നഷ്ടപ്പെട്ടത് മനോജിനും കുടുംബത്തിനും ഉണ്ടാക്കുന്ന സങ്കടം ചെറുതല്ല. വീടുകയറിയുള്ള ആക്രമണത്തിലും പശുവിനെ വെട്ടി കൊന്നതിലും പൊലീസിൽ പരാതി നൽകുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നഷ്ടപ്പെട്ടതിന് പകരമാകില്ല. അതുകൊണ്ടുതന്നെ പ്രതിസന്ധി ഘട്ടത്തിൽ ആരെങ്കിലും സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് മനോജും കുടുംബവും.