കൊല്ലം കുമ്മിളിൽ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിതറ ചല്ലിമുക്ക് ഷൈനിഭവനിൽ സതീഷിനെ കടയ്ക്കൽ പൊലീസാണ് പിടികൂടിയത്.
ഇൗവര്‍ഷം ജനുവരി ഇരുപത്തിയേഴിനാണ് കേസിനാസ്പദമായത് നടന്നത്. ചല്ലിമുക്ക് സ്വദേശിയായ 37 വയസുളള സതീഷും കാമുകിയായ സുജിതയും ചേര്‍ന്ന് സതീഷിന്റെ ഭാര്യ സായൂജ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേസില്‍ സുജിതയെ കഴിഞ്ഞ മാര്‍ച്ചില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന സതീഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തളളി.
ഇതിന് പിന്നാലെയാണ് സതീഷ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. സതീഷ് തന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞ് സുജിത സായൂജ്യയെ വീട്ടിലേക്ക് വിളിച്ച് വരുത്തി. വീട്ടിലെത്തിയ സായൂജ്യയെ ഇരുവരും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കൽ സ്റ്റേഷനിൽ നാലു കേസും ചിതറ സ്റ്റേഷനിൽ രണ്ട് കേസും പാങ്ങോട്, വലിയമല പൊലീസ് സ്റ്റേഷനുകളില്‍ ഒരുകേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.