image: facebook.com/vjmachan/photos
'വിശേഷം വരാനുണ്ടെന്ന്' പ്രഖ്യാപിച്ച് വിഡിയോ പങ്കുവച്ച് മാസങ്ങള്‍ക്കിപ്പുറം യു ട്യൂബര്‍ വി.ജെ.മച്ചാന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറുകാരിയുടെ പരാതിയിലാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി ഗോവിന്ദ് എന്ന വിജെ മച്ചാനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ മേയിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്.
മാന്നാര്‍സ്വദേശിയായ ഗോവിന്ദ് എറണാകുളത്താണ് താമസിച്ചിരുന്നത്. ഫ്ളാറ്റില്‍ നിന്ന് ഇയാളെ കസ്റ്റഡിയെലെടുത്ത പൊലീസ് ഗോവിന്ദിന്‍റെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമടക്കം ലക്ഷങ്ങളാണ് വി.ജെ മച്ചാനെന്ന ഗോവിന്ദിനെ ഫോളോ ചെയ്യുന്നത്.
രശ്മിക മന്ദാന കേരളത്തില്‍ വന്ന വിഡിയോ പങ്കുവച്ചതിനൊപ്പം പുതിയ വിശേഷം വരാനുണ്ടെന്ന് ഗോവിന്ദ് പറഞ്ഞിരുന്നു. അറസ്റ്റിന് പിന്നാലെ ഇതാണോ ആ പറഞ്ഞ സര്‍പ്രൈസ് വിശേഷമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍. യൂട്യൂബ് ഐഡിയിലെ 'എനിക്കറിയാം നിങ്ങള്‍ ഒരിക്കല്‍ എന്നെ തേടി വരുമെന്ന്' എന്ന ബയോയും ആളുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നു.