കൊച്ചി നഗരത്തില്‍ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗ സംഘം. ബിഹാറുകാരന്‍ രജനീഷ് കുമാറിന് നേരെയായിരുന്നു ബാറില്‍ മദ്യപിക്കാനെത്തിയ യുവാക്കളുടെ അതിക്രമം. ആക്രമികളുടെ സിസിടിവി ദൃശ്യങ്ങളടക്കം കൈമാറിയിട്ടും പ്രതികളെ പിടികൂടിയില്ലെന്നാണ് ആരോപണം.
എവര്‍ഷൈന്‍ ബില്‍ഡിങിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രജനീഷ് കുമാറിന് നേരെയായിരുന്നു ആക്രമണം. സമീപത്തെ ബാറിലേക്കെത്തിയ യുവാക്കളോട് ബാറിന്‍റെ പാര്‍ക്കിങ്ങിലേക്ക് കാര്‍ മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടതേ രജനീഷിന് ഓര്‍മയുള്ളു. പ്രകോപിതരായ യുവാക്കള്‍ പതിനഞ്ച് മിനിറ്റിലേറെയാണ് രജനീഷിനെ വളഞ്ഞിട്ട് മര്‍ദിച്ചത്. മുഖത്തടക്കം സാരമായി പരുക്കേറ്റ രജനീഷിന്‍റെ വിരലും ഒടിഞ്ഞു. ആശുപത്രിയില്‍ ചികിത്സതേടിയതിന് പിന്നാലെ വണ്ടിയുടെ നമ്പറടക്കം പൊലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ മെല്ലെപോക്ക്.
തോപ്പുംപടി സ്വദേശിയുടെ പേരിലാണ് യുവാക്കളെത്തിയ കാറെന്ന് കണ്ടെത്തി. പതിനാല് വര്‍ഷമായി കേരളത്തില്‍ തൊഴിലെടുത്ത് ജീവിക്കുന്നയാളാണ് രജനീഷ് കുമാര്‍.