TOPICS COVERED

സൈബര്‍ തട്ടിപ്പിന്റെ കെണിയില്‍ വീണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങള്‍. അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍പിളളയുടെ ഏഴര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പ്രതികളെ കണ്ടെത്താന്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ശക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ ജൂണ്‍ മാസം ഇരുപത്തിമൂന്നാം തീയതിയാണ് തട്ടിപ്പുസംഘം പണം കൈക്കലാക്കാന്‍ വലയെറിഞ്ഞത്. അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍പിളളയുടെ മൊബൈല്‍നമ്പര്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ഉള്‍പ്പെടുത്തിയത്. ഒാഹരിവിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ അംഗീകാരമുളള ഒരു അംഗീകൃത സ്ഥാപനത്തിന്റെ പേരില്‍ വാട്സ്ആപ്പിലേക്ക് വ്യാജസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെണിയില്‍വീണു. 

വാട്സ്ആപ്പിലേക്ക് ലഭിച്ച ലിങ്ക് വഴി ബാര്‍ക്ളേ എന്ന ആപ്ളിക്കേഷന്‍ മൊബൈല്‍ഫോണില്‍ പ്രതികള്‍ ഡൗണ്‍ലോഡ‍് ചെയ്യിപ്പിച്ചു. തുടര്‍ന്നാണ് പണം നിക്ഷേപിക്കാന്‍ സമ്മര്‍ദമുണ്ടായത്. കഴിഞ്ഞമാസം ഇരുപത്തിയൊന്നിന് 29000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ജൂലൈ 23, 24, 29 തീയതികളിലും ഇൗമാസം ആറിനും ഒന്‍പതിനും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് സ്റ്റാന്‍മോന്‍‌പിളളയുടെ പണം ഒഴുകി. ആകെ ഏഴു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയാണ് സൈബര്‍ തട്ടിപ്പു സംഘം കൈക്കലാക്കിയത്. പൊലീസ് ആസ്ഥാനത്ത് ഹൈടെക് സെല്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്നു തട്ടിപ്പിനിരയായ സ്റ്റാന്‍മോന്‍ ആര്‍ പിളള.