കൊച്ചിയിൽ അനാശാസ്യ ഇടപാട് വിപുലമാക്കാൻ മൊബൈൽ ഫോൺ കവർച്ചയ്ക്ക് ഉത്തരേന്ത്യൻ സ്വദേശിയുടെ ക്വട്ടേഷൻ. മറ്റൊരു അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരൻറെ മൊബൈൽഫോൺ മോഷ്ടിക്കാനാണ് ക്വട്ടേഷൻ നൽകിയത്. മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെയും ഇടപാടുകാരുടെയും നമ്പറും വിവരങ്ങളും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇയാളുടെ ഇടപാടുകാരെ തൻറേതാക്കി ബിസിനസ് പച്ചപ്പിടിക്കാൻ അസംകാരൻ കൂട്ടുപിടിച്ചതാകട്ടെ മലയാളികളെയും.
കതൃക്കടവ് സ്വദേശി, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഒരു മോഷണ പരാതി നൽകുന്നു. പിറന്നാളാഘോഷത്തിനിടെ വീട്ടിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണും 22,500 രൂപയും കവർന്നു എന്നാണ് പരാതി. ഇയാളോട് വിവരങ്ങൾ തിരക്കിയപ്പോൾ മറുപടിയിൽ പൊരുത്തക്കേടുള്ളതുപോലെ. പിന്നെയും ചോദ്യംചെയ്തപ്പോഴാണ് പരാതിയിൽ പറയുന്നതുപൊലെയല്ല കാര്യങ്ങൾ എന്ന് പൊലീസിന് മനസ്സിലായത്.
പരാതിക്കാരൻ കതൃക്കടവിൽ അനാശാസ്യ കേന്ദ്രത്തിൻറെ നടത്തിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുമായി വൈരാഗ്യമുള്ളയാളുകളെ കേന്ദ്രീകരിച്ചായി പിന്നെ അന്വേഷണം. വൈരാഗ്യമുള്ളവരുടെ പട്ടികയിൽ ഒന്നാമൻ നോർത്ത് റെയിൽവേ സ്റ്റേഷനുസമീപം അനാശാസ്യ കേന്ദ്രം നടത്തുന്ന അസം സ്വദേശി അൻവർ ഹുസൈൻ. ഇയാളെ ചോദ്യംചെയ്തതോടെ മൊബൈൽ മോഷണത്തിൻറെ തിരക്കഥ പുറത്തായി.
എതിരാളിയെ ഒതുക്കാനായി നൽകിയ ക്വട്ടേഷനാണെന്ന് അൻവർ ഹുസൈൻ സമ്മതിച്ചു. മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകൾ കൈവശപ്പെടുത്താനാണത്രേ ഫോൺ മോഷ്ടിച്ചത്. ക്വട്ടേഷൻ സംഘത്തിലുള്ളത് ഇടപ്പള്ളിക്കാരായ രണ്ടു യുവാക്കളും. അവരാണ് കതൃക്കടവിലെ അനാശാസ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറിയതും മൊബൈൽ മോഷ്ടിച്ചതും. ഇജാസ് യഹിയ, ഷാഹിദ് സജിത്ത് എന്നിവരെയും അനാശാസ്യ കേന്ദ്രം ഉടമ അൻവർ ഹുസൈനെയും പൊലീസ് കസ്റ്റഡിയിലെത്തു. പരാതി നൽകിയ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനെതിരെയും നടപടിയുണ്ടാകും. കവർച്ചാ ശ്രമങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ പതിവാണെന്നും മാനഹാനി ഭയന്ന് ആരും പരാതിപ്പെടാറില്ലെന്നും പൊലീസ് പറയുന്നു.