ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് നിന്ന് വൻ മനുഷ്യക്കടത്ത്. തോപ്പുംപടി സ്വദേശി സുബൈഹ് ഹസൻ നൽകിയ പരാതിയിൽ ഇതിനകം കൊച്ചിയിൽ രണ്ട് പേരാണ് പിടിയിലായത്. ചൈനീസ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒട്ടനവധി പേരെ ചൈനീസ് കമ്പനിയിലേക്ക് കടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.കൃത്യമായി എത്രപേർ തട്ടിപ്പിന് ഇരയായെന്ന് വ്യക്തമാക്കാൻ പൊലീസ് കഴിയുന്നില്ലെങ്കിലും ഇതരസംസ്ഥാനക്കാരായവർ വരെ കെണിയിൽ വീണുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഒടുവിൽ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി ബാദുഷയും നേരത്തെ പിടിയിലായ പള്ളുരുത്തിക്കാരൻ അഫ്സർ അഷ്റഫും മാത്രമല്ല മനുഷ്യക്കടത്തിലെ ഏജന്റുമാരെന്നും പൊലീസ് ഉറപ്പിക്കുന്നു. പരാതിക്കാരനായ സുബൈഹ് ഹസനിൽ നിന്നടക്കം 50,000 രൂപ വീതമാണ് പ്രതികൾ വാങ്ങിയത് . ലാവോസിലേക്ക് എത്തിച്ച ഓരോ ആളുകളെയും നാല് ലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് വിൽക്കുകയായിരുന്നു. ദിവസവും ഇരുപത് മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നവർ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. വിവിധ ജില്ലകളിൽനിന്നടക്കം സംസ്ഥാനത്ത് നിന്ന് മാത്രം നൂറിലേറെ പേർ തട്ടിപ്പിന് ഇരയായെന്നാണ് സൂചന. പലരും ഇപ്പോഴും നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ ലാവോസിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.