പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒന്നരക്കോടിയുടെ വെട്ടിപ്പ് നടത്തിയ അസിസ്റ്റന്‍റ് മാനേജരും ഓഡിറ്ററും അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശി ഹരീഷ്, അസിസ്റ്റന്‍റ് മാനേജരും ഓഡിറ്ററുമായ തിരുവേഗപ്പുറ സ്വദേശി എന്നിവരാണ് പട്ടാമ്പി പൊലീസിന്‍റെ പിടിയിലായത്.
സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ആസൂത്രിതമായി കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കണക്കുകളിൽ തിരിമറി നടത്തി പണം തട്ടിയെന്നാണ് പരാതി. ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതെന്നാണ് പ്രാഥമിക കണക്ക്. രേഖകളിൽ കൃത്രിമം കാണിച്ച് സ്വർണം പണയം വെച്ചതായി കാണിച്ചായിരുന്നു തട്ടിപ്പ്. സംശയം തോന്നിയതിന് പിന്നാലെ പുറത്തുള്ള ഓഡിറ്റര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞത്. വിശദമായ പരിശോധനയില്‍ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കൈക്കലാക്കിയ പണത്തിന്റെ മൂല്യം സംബന്ധിച്ചും കൂടുതലാളുകള്‍ക്ക് പങ്കുണ്ടോ എന്നതും വിശദമായി പരിശോധിക്കുകയാണെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.