ഷൊർണൂരിൽ ഉടമയെ കബളിപ്പിച്ചു തൃശൂർ സ്വദേശി കാർ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. കർണാടകയിലേക്കു മറിച്ചുവിറ്റ കാർ ഷൊർണൂർ പൊലീസ് മംഗലാപുരം തീരദേശ മേഖലയിൽ നിന്നു കണ്ടെത്തി നാട്ടിലെത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഉപയോഗത്തിനെന്ന പേരിൽ കൂനത്തറ സ്വദേശിയുടെ കാർ ഇരുപതിനായിരം രൂപയ്ക്കു വാടകയ്ക്കെടുത്ത എരുമപ്പെട്ടി വട്ടപ്പറമ്പിൽ ജിൽജിത്ത് നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണു കാർ വീണ്ടെടുത്തത്. ജിൽജിത്ത് വലിയ സംഖ്യയ്ക്കു കുടകിലേക്കു മറിച്ചുവിറ്റ കാർ ഇതിനുശേഷം വീണ്ടും 2 തവണ കൈമാറ്റം ചെയ്തിരുന്നെന്നാണു കണ്ടെത്തൽ. കുടകിൽ നിന്നു മടിക്കേരിയിലേക്കാണ് ആദ്യം കാർ കൈമാറ്റം ചെയ്യപ്പെട്ടത്. ഇവിടെ നിന്നു മംഗലാപുരം തീരദേശ മേഖലയിലുമെത്തി. ഇതിനിടെ വ്യാജരേഖകൾ ചമച്ച് കാർ കർണാടകയിൽ റജിസ്റ്റർ ചെയ്തു ടാക്സി വാഹനമായി മാറിയിരുന്നു.
തീരദേശ മേഖലയിൽ നിന്നു കാർ വീണ്ടെടുക്കൽ ഏറെ ശ്രമകരമാകുമെന്നു തിരിച്ചറിഞ്ഞ അന്വേഷണ സംഘം യഥാർഥ ഉടമയിൽ നിന്നു ഡ്യൂപ്ലിക്കറ്റ് താക്കോൽ എത്തിച്ച ശേഷം അർധരാത്രി രഹസ്യമായാണ് കസ്റ്റഡിയിലെടുത്തത്. കൂനത്തറ സ്വദേശിയിൽ നിന്നു കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാഴ്ചത്തെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് ജിൽജിത്ത് കാർ തട്ടിയെടുത്തത്. രണ്ടാഴ്ചയും ഒരു മാസവും പിന്നിട്ടതോടെ ഇയാളെ ഫോണിൽ പോലും കിട്ടാതായി. ഇതോടെ ഉടമ പരാതിയുമായി ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവു പ്രകാരമാണു ഷൊർണൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ ദിവസങ്ങൾക്കു മുൻപാണ് ജിൽജിത്ത് പിടിയിലായത്.