തിരുവനന്തപുരം വഞ്ചിയൂരിലെ വെടിവയ്പ്പിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് നിഗമനം. വെടിയേറ്റ ഷീനിയോടും ഭര്‍ത്താവ് സുജിത്തിനോടും വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാലും ആരുമായും പ്രശ്നങ്ങളില്ലെന്നും അക്രമിയെത്തിയത് ഡ്രൈവര്‍ക്കൊപ്പമെന്നും ഷിനിയുടെ ഭര്‍തൃപിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. അക്രമിയെത്തിയത് ആറ്റിങ്ങല്‍ ഭാഗത്ത് നിന്നെന്ന് സൂചനയില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.
തലസ്ഥാന നഗരമധ്യത്തില്‍ പട്ടാപ്പകലുള്ള വെടിവയ്പ്പ് കഴിഞ്ഞിട്ട് രണ്ടാം ദിവസമായെങ്കിലും അക്രമിയേക്കുറിച്ച് സൂചനയൊന്നുമില്ല. ഒത്ത വണ്ണവും പൊക്കവുമുള്ള സ്ത്രീ, വന്നത് വെള്ള സ്വിഫ്റ്റ് കാറില്‍, വ്യാജ നമ്പരുള്ള കാറിന്റെ ദൃശ്യം ഈ മൂന്ന് കാര്യങ്ങളാണ് തെളിവായുള്ളത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വെടിവയ്പ്പിന് ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയതോടെ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പൊലീസ് അരിച്ചുപെറുക്കുകയാണ്. പ്രധാന റോഡില്‍ നിന്ന് ഏകദേശം ഇരുന്നൂറ്റമ്പത് മീറ്ററോളം ഉള്ളിലേക്ക് കയറിയാണ് വീട്. ഇടവഴിയിലൂടെ കാറിലെത്തിയ അക്രമി വാഹനം ഇവിടെ നിര്‍ത്തിയ ശേഷം നേരെ വീട്ടിലേക്ക് നടന്ന് ചെന്നു. അതിനാല്‍ ഷിനിയുടെ വീടും പരിസരവും കൃത്യമായി അറിയാവുന്നയാളോ മുന്‍പെത്തി കൃത്യമായി മനസിലാക്കിയ ആളോ ആണെന്നാണ് പൊലീസ് നിഗമനം.
വീട്ടിലെത്തി ഇനിഷ്യല്‍ സഹിതമാണ് ഷിനിയുടെ പേര് ചോദിച്ചത്. മൂന്ന് വട്ടം വെടിയുതിര്‍ത്തെങ്കിലും രണ്ടെണ്ണം ഭിത്തിയിലാണ്. അതിനാല്‍ ഉപദ്രവിക്കണമെന്ന ഉദേശത്തിനപ്പുറം ഭയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കരുതുന്നു. ഇതെല്ലാം ചേരുമ്പോള്‍ വ്യക്തിവൈരാഗ്യമുള്ളയാളാണ് അക്രമിയെന്ന് കരുതുന്നു. എന്നാല്‍ വെടിവച്ച് സ്ത്രീയേക്കൂടാതെ കാറില്‍ ഡ്രൈവറുണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. കയ്യില്‍ വെടിയേറ്റ ഷിനിയുടെ ആരോഗ്യം മെച്ചപ്പെട്ടു. ഷിനിയോടും ഭര്‍ത്താവിനോടും കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.